ബെംഗളൂരു: മെഡിക്കല്‍ ബിരുദപ്രവേശനത്തിനുള്ള ‘നീറ്റ്’ പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയെ കണ്ണൂരില്‍ ഉള്‍വസ്ത്രമഴിപ്പിച്ച് പരിശോധിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍. സ്കൂള്‍വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദക്ഷിണമേഖലാ ശില്പശാലയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മുന്‍വര്‍ഷങ്ങളില്‍ പരീക്ഷയില്‍ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട്ചെയ്ത സാഹചര്യത്തിലാണ് വസ്ത്രധാരണച്ചട്ടം കര്‍ശനമാക്കിയത്.
11 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ കേരളത്തില്‍നിന്ന് ഒരു വിദ്യാര്‍ഥിനിയാണ് പരാതി ഉന്നയിച്ചതെന്നും കുറ്റക്കാരായ നാല് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ നിലവാരമില്ലാത്ത അധ്യാപക പരിശീലനകേന്ദ്രങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിശ്ചിത പഠനനിലവാരം പുലര്‍ത്താത്ത വിദ്യാര്‍ഥികളെ അഞ്ച്, എട്ട് ക്ലാസുകളില്‍ തോല്‍പ്പിക്കാനുള്ള നിയമനിര്‍മാണം ഉടനുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.