ബെംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നിശ്ശബ്ദത തുടര്‍ന്നാല്‍ തനിക്ക് ലഭിച്ച അഞ്ച് ദേശീയ പുരസ്കാരങ്ങളും തിരിച്ചു നല്‍കുമെന്ന് സിനിമാ താരം പ്രകാശ് രാജ്. മോദി തന്നെക്കാള്‍ വലിയ നടനാണെന്നും ബഹുമുഖ പ്രതിഭയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രതികളെ ഇനിയും പിടികൂടാത്ത സാഹചര്യത്തിലാണ് പ്രകാശ് രാജിന്റെ വിമര്‍ശനം. ഗൗരി ലങ്കേഷിനെ വധിച്ചവരെ പിടികൂടുകയോ കൂടാതിരിക്കുകയോ ചെയ്യാം. എന്നാല്‍, ഒരു വിഭാഗം ആളുകള്‍ ഗൗരിയുടെ മരണം സമൂഹമാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ്. മോദിയുടെ അനുയായികളാണ് അവരുടെ മരണം ആഘോഷിക്കുന്നത്- അദ്ദേഹം പറഞ്ഞു. ഇടത് യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെ 11 -ാമത് സംസ്ഥാന സമ്മേളനം ബെംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.