പ്രകൃതി സംരക്ഷണത്തിനും നയങ്ങള്‍ ഉണ്ടാക്കിയതുകൊണ്ടു മാത്രം കാര്യമില്ലെന്നു രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി

195

ന്യൂഡല്‍ഹി • സുസ്ഥിര വികസനത്തിനും പ്രകൃതി സംരക്ഷണത്തിനും നയങ്ങള്‍ ഉണ്ടാക്കിയതുകൊണ്ടു മാത്രം കാര്യമില്ലെന്നു രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. നയങ്ങള്‍ നടപ്പാക്കുന്നതിനുള്ള നടപടിയാണ് ഇനി വേണ്ടതെന്നും വിജ്ഞാന്‍ ഭവനില്‍ ദി എനര്‍ജി ആന്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടെറി) സംഘടിപ്പിച്ച ലോക സുസ്ഥിര വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി ഉദ്ബോധിപ്പിച്ചു. ഇന്ത്യ, പാരിസ് കരാര്‍ അംഗീകരിച്ചത് സന്തോഷകരമാണ്. ഇത് മറ്റു രാജ്യങ്ങള്‍ക്കു പ്രചോദനമാകുമെന്ന് ഉറപ്പ്. എന്നാല്‍ കരാര്‍ പ്രകാരം കാര്‍ബണിന്റെ അളവു കുറയ്ക്കാനുള്ള ഇടപെടലുകള്‍ എല്ലാ തലങ്ങളിലും അനിവാര്യമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.
വലിച്ചെറിയുന്ന സമൂഹമല്ല, വരുംതലമുറയെക്കൂടി കരുതി വിഭവ വിനിയോഗം പരിമിതപ്പെടുത്തുന്ന ക്ഷേമസമൂഹമായി ഇന്ത്യ മാറണം.
സുസ്ഥിര വികസനത്തിനു പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും കരുതലോടെയുള്ള വിനിയോഗവും പ്രധാനമാണ്. അമിത ചൂഷണവും ഉപഭോഗവും ഉപേക്ഷിച്ചു ഭൂമിയുടെ ഭാവിക്കായി ഒരുമിക്കണം. പ്രകൃതി വിഭവം എല്ലാവരുടെയും ആവശ്യത്തിനുള്ളതാണെന്നും ആരുടെയും അത്യാര്‍ത്തിക്കുള്ളതല്ലെന്നുമുള്ള ഗാന്ധിയന്‍ ചിന്തയ്ക്കു പ്രസക്തി ഏറുകയാണ്. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയ്ക്കു മുന്നില്‍ പുതിയ സാമൂഹിക, സാമ്ബത്തിക, പാരിസ്ഥിതിക വെല്ലുവിളി ഉയര്‍ത്തുന്നു.
ദാരിദ്ര്യ നിര്‍മാര്‍ജനത്തിനൊപ്പംതന്നെ സുസ്ഥിര വികസനത്തിനാവശ്യമായ നടപടികളും എടുക്കണം. ലോകജനസംഖ്യയുടെ 18 ശതമാനമുണ്ടെങ്കിലും ജലത്തിന്റെ നാലു ശതമാനവും ഊര്‍ജത്തിന്റെ ആറു ശതമാനവും മാത്രമാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഊര്‍ജസംരക്ഷണത്തിനൊപ്പം ഇനിയും വൈദ്യുതി വെളിച്ചം കാണാത്ത 20 കോടി ഗ്രാമീണരെയും പരിഗണിക്കണം. വികസനത്തിന്റെ പുതിയ മേഖലകള്‍ തുറക്കാന്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ കടന്നുള്ള സഹകരണം അനിവാര്യമാണ്. ഭൂമീമാതാവിന്റെ നിലനില്‍പ്പിനായി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ കൈകോര്‍ക്കണം. സാമ്ബത്തിക വളര്‍ച്ച മാത്രമല്ല, ഭൂമിയുടെ ആരോഗ്യവും എല്ലാവരുടെയും വളര്‍ച്ചയുമാണ് ക്ഷേമരാഷ്ട്രം.
സിക്കിം മുഖ്യമന്ത്രി പവന്‍ ചാമിങ്ങിനു സുസ്ഥിര വികസന പുരസ്കാരം രാഷ്ട്രപതി സമ്മാനിച്ചു. ടെറി ചെയര്‍മാന്‍ അശോക് ചവ്ല, ഡയറക്ടര്‍ ഡോ. അജയ് മാത്തൂര്‍, അന്നപൂര്‍ണ വാഞ്ചേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു. പാരീസ് കരാര്‍ സംബന്ധിച്ച നടന്ന ചര്‍ച്ചയില്‍ പരിസ്ഥിതി മന്ത്രി അനില്‍ ദവേ പ്രസംഗിച്ചു. ഉച്ചകോടി ശനിയാഴ്ച സമാപിക്കും.

NO COMMENTS

LEAVE A REPLY