നാഗ്പൂര്‍: മതേതരത്വമാണ് ഇന്ത്യയുടെ മതമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. വെറുപ്പിനേയും വിവേചനത്തിനേയും പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്‍റെ സ്വത്തത്തെ നശിപ്പിക്കുമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. കോപത്തില്‍ നിന്നും അക്രമത്തില്‍ നിന്നും ശാന്തിയിലേക്കാണ് നാം പോകേണ്ടത്. ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന സമ്ബദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. എങ്കിലും ലോകത്തെ സന്തുഷ്ടി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇതുവരെ എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസ് നാഗ്പൂരില്‍ നടത്തിയ 700 ആര്‍ എസ് എസ് കേഡര്‍മാരുടെ പാസിംഗ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗ് എന്ന പരിപാടിയില്‍ മുഖ്യാതിഥിയായാണ് മുഖര്‍ജി പങ്കെടുത്തത്. ജനങ്ങളുടെ സന്തോഷത്തിലാണ് ഭരണാധികാരിയുടെ സന്തോഷമിരിക്കുന്നത്. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ച് രൂപപ്പെട്ടതാണ് നമ്മുടെ ദേശീയത. ഇതാണു നമ്മെ വിശിഷ്ടരും സഹിഷ്ണുതയുമുള്ളവരുമാക്കി മാറ്റുന്നത്. അസഹിഷ്ണുത നമ്മുടെ രാജ്യത്തിന്റെ വ്യക്തിത്വത്തിന് പ്രതിബന്ധമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.