തിരുവനന്തപുരം: മലയാളം സർവകലാശാലയുടെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച ക്രമക്കേടിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വിഷയം അടിയന്തരപ്രമേയമായി അനുവദിക്കാനാകില്ലെന്നും ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നുമുള്ള സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭവിട്ടിറങ്ങിയത്.
സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിലുള്ള 2016-ലെ റിപ്പോർട്ടിന് അടിയന്തര പ്രധാന്യമില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. എന്നാൽ ഉത്തരവ് ഇറങ്ങിയത് ഈ മാസം മൂന്നിനാണെന്നും സ്ഥലമെടുപ്പിൽ റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പങ്കുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
കോടിക്കണക്കിന് രൂപയുടെ കമ്മീഷൻ പറ്റുന്നരീതിയിലുള്ള ക്രമക്കേട് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. വിഷയം അടിയന്തരപ്രധാന്യമല്ലാത്തതാണെന്ന സ്പീക്കറുടെ നിലപാട്പുന:പരിശോധിക്കണമെന്നും സ്പീക്കർ ഈ പ്രസ്താവന പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അവകാശമാണ് സ്പീക്കർ നിഷേധിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പക്ഷേ, വിഷയം അടിയന്തരപ്രമേയമായി പരിഗണിക്കില്ലെന്ന നിലപാടിൽ സ്പീക്കർ മാറ്റംവരുത്തിയില്ല. ഇതോടെയാണ് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയത്.