കഥകിനെ ലോകവേദിയില്‍ എത്തിച്ച പ്രതിഭയു൦ കഥക് നൃത്തത്തിലെ ഇതിഹാസവുമായ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു. 83 വയസായിരുന്നു.
1938 ഫെബ്രുവരി 4 നാണ് ലഖ്നൗവില്‍ ഘരാനയിലെ പ്രമുഖ കഥക് കലാകാരന്‍ ജഗന്നാഥ് മഹാരാജിന്റെ മകനായാണ് ജനനം. അമ്മാവന്‍മാരായ ശംഭു മഹാരാജിന്റെയും ലച്ചു മഹാരാജിന്റെയും ശിക്ഷണ ത്തില്‍ പരിശീലനം തുടങ്ങിയ അദ്ദേഹം ഏഴാം വയസ്സില്‍ അരങ്ങേറ്റം കുറിച്ചു. 13ാം വയസു മുതല്‍ നൃത്ത അധ്യാപകനായി. കലാശ്രം എന്ന പേരില്‍ സ്വന്തമായി ഡാന്‍സ് സ്കൂളും നടത്തിയിരുന്നു.
ഗായകന്‍, വാദ്യോപകരണ സംഗീതം, ഗാനരചന, നൃത്ത സംവിധാനം എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സിനിമാ മേഖലയിലും ശ്രദ്ധേയനായി. കമല്‍ ഹാസന്‍ നായകനായി എത്തിയ വിശ്വരൂപത്തില്‍ ഉന്നെ കാണാതെ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച കൊറിയാഗ്രാഫര്ക്കുള്ള ദേശിയ പുരസ്കാരം നേടി. 1986ല്‍ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു.
ഞായറാഴ്ച രാത്രി ഡല്‍ഹിയിലെ വീട്ടില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.