കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയിലെ പ്രവാസി ജീവനക്കാര്‍ക്ക് ഇഖാമ (തൊഴില്‍/താമസാനുമതി) പുതുക്കി നല്‍കുന്നതിന് പ്രായം മാനദണ്ഡമാക്കിയിട്ടില്ലെന്ന് കുവൈറ്റ് അധികൃതര്‍. 70 വയസ് തികഞ്ഞ വിദേശികള്‍ക്ക് ഇഖാമ പുതുക്കി നല്‍കില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ജോലിക്ക് പ്രാപ്തരെങ്കില്‍ ഇഖാമ പുതുക്കിനല്‍കുമെന്നും അതിന് പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്നും പബ്ലിക് അഥോറിറ്റി ഫോര്‍ മാന്‍പവറിലെ തൊഴില്‍കാര്യ ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്ല അല്‍ മുത്തൂത്ത് വ്യക്തമാക്കി.
അതേസമയം, സന്ദര്‍ശന വീസ കാലാവധിക്കുശേഷവും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരുടെ സ്പോണ്സര്മാര്ക്ക് എതിരെ നടപടികള്‍ ശക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു. കുടുംബ സന്ദര്‍ശക വീസയില്‍ എത്തിയവരാണ് നിയമലംഘകരെങ്കില്‍ അവരെ സ്പോണ്സര് ചെയ്ത ബന്ധുക്കളുടെ ഇഖാമ പുതുക്കല്‍ മരവിപ്പിക്കുകയും വാണിജ്യ സന്ദര്‍ശക വീസയാണെങ്കില്‍ വീസ നല്കിയ സ്ഥാപനത്തിലെ ഫയലുകള്‍ മരവിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വീസ കാലാവധി കഴിഞ്ഞും അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് രാജ്യം വിട്ടതിന്റെ രേഖ സമര്‍പ്പിച്ചാല്‍ മാത്രമേ സ്പോണ്‍സര്‍മാരുടെ നിയമപരമായ ഇടപാടുകള്‍ പുനഃസ്ഥാപിക്കൂവെന്ന് അധികൃതര്‍ പറഞ്ഞു. വീസയുടെ കാലാവധി അവസാനിച്ചിട്ടും കുവൈറ്റില്‍ 3000ലേറെ തങ്ങുന്നതായാണ് കണക്കുകള്‍.