ആര്‍എസ്‌എസ് ഹൈന്ദവസംഘടനയും ഭക്തസംഘടനയുമാണെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

238

കൊട്ടാരക്കര: ആര്‍എസ്‌എസ് ഹൈന്ദവസംഘടനയും ഭക്തസംഘടനയുമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. സഹകരിക്കാവുന്ന മേഖലയിലെല്ലാം അവരുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്‌എസ് ഹൈന്ദവസംഘടനയും ഭക്തസംഘടനയുമാണ്. സഹകരിക്കാവുന്ന മേഖലയിലെല്ലാം അവരുമായി സഹകരിക്കും. എന്നുകരുതി ഞാന്‍ ആര്‍എസ്‌എസ് അല്ലെന്നും പ്രയാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നോമിനിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര്‍എസ്‌എസ് അനുകൂലി യാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രസ്താവന.

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങളില്‍ ആര്‍എസ്‌എസ് ആയുധ പരിശീലനം നടത്തുന്നതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച്‌ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ നേതൃത്വവുമായി സംസാരിച്ച്‌ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആര്‍എസ്‌എസുകാര്‍ ക്ഷേത്രത്തില്‍ വരരുതെന്ന് പറയേണ്ടത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ജോലിയല്ല. വിവാദങ്ങളില്‍ അഭിപ്രായം പറയാത്തത് ഭയം കൊണ്ടല്ല. അധികാരത്തില്‍ കടിച്ചുതൂങ്ങാനും താല്‍പര്യമില്ല. സ്ഥാനത്തിരുന്നാലും പുറത്താണെങ്കിലും ഹൈന്ദവന് എതിരായ നിഷേധാത്മക നിലപാടുകളില്‍ പ്രതികരിക്കുമെന്നും പ്രയാര്‍ പറഞ്ഞു. ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കാന്‍ അനുവദിക്കില്ലെന്നും ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആര്‍എസ്‌എസ് ശാഖ അനുവദിക്കില്ലെന്നും ദേവസ്വം മന്ത്രി കടന്നപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. നാടിന്റെ മതേതര സ്വഭാവവും സമാധാന അന്തരീക്ഷവും നശിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നേരത്തെ മണ്ഡലകാലവുമായി ബന്ധപ്പെട്ട് ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തട്ടിക്കയറിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

NO COMMENTS

LEAVE A REPLY