ഒരുക്കങ്ങള്‍ പൂര്‍ണം – ജാഗ്രതയോടെയാകണം ബലിതര്‍പ്പണം – ജില്ലാ കളക്ടര്‍

281

തിരുവനന്തപുരം : ജില്ലയിലെ സ്‌നാനഘട്ടങ്ങളില്‍ ബലിതര്‍പ്പണം നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. സ്‌നാനഘട്ടങ്ങളില്‍ കുളിക്കുന്നവര്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ബലിതര്‍പ്പണത്തിനു വേണ്ട സജ്ജീകരണങ്ങളെല്ലാം ജില്ലയില്‍ പൂര്‍ത്തിയാക്കിയതായും കളക്ടര്‍ അറിയിച്ചു.

രൂക്ഷമായ കടലാക്രമണത്തെത്തുടര്‍ന്ന് തീരം നഷ്ടപ്പെട്ട ശംഖുംമുഖത്ത് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇവിടെ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ റവന്യൂ, പൊലീസ്, മറ്റു സുരക്ഷാ ജീവനക്കാര്‍ തുടങ്ങിയവരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വാഹനങ്ങളില്‍ എത്തുന്നവര്‍ ട്രാഫിക് പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നിര്‍ദേശങ്ങള്‍ അനുസരിക്കണം. അമിതവേഗം പാടില്ല. പാര്‍ക്കിംഗിനായി സജ്ജമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാവൂ.

ശംഖുംമുഖം കൂടാതെ തിരുവല്ലം, വര്‍ക്കല പാപനാശം, അരുവിക്കര, അരുവിപ്പുറം തുടങ്ങിയ പ്രധാന സ്‌നാനഘട്ടങ്ങളിലെല്ലാം സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. ഇവിടെയെല്ലാം ഹരിതചട്ടം കര്‍ശനമായി പാലിക്കണം.

പേപ്പര്‍ കപ്പ്, പേപ്പര്‍ പ്ലേറ്റ്, പ്ലാസ്റ്റിക് കുപ്പികളിലുള്ള കുടിവെള്ളം, തെര്‍മോകോള്‍ പാത്രങ്ങള്‍, അലുമിനിയം ഫോയില്‍ ടെട്രാ പാക്കുകള്‍, മള്‍ട്ടി ലെയര്‍ പാക്കിങ്ങിലുള്ള ആഹാര പദാര്‍ഥങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ തുടങ്ങിയവ നിര്‍ബന്ധമായും ഒഴിവാക്കണം. മദ്യവും ലഹരി വസ്തുക്കളും ഉപയോഗിക്കുന്നതോ വില്‍ക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

NO COMMENTS