ന്യൂഡൽഹി: ഉത്തർ പ്രദേശിലെ തകർപ്പൻ വിജയം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ബിജെപിക്ക് അവസരമൊരുക്കുന്നു. പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണു രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ വോട്ടിന്റെ മൂല്യം അതതു സംസ്ഥാനത്തെ ജനസംഖ്യ അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും. സംസ്ഥാന ജനസംഖ്യയെ എംഎൽഎമാരുടെ എണ്ണം കൊണ്ടു ഹരിച്ച് അതിനെ വീണ്ടും ആയിരംകൊണ്ടു ഹരിച്ചുകിട്ടുന്ന സംഖ്യയാണ് ആ സംസ്ഥാനത്തെ എംഎൽഎയുടെ വോട്ടിന്റെ മൂല്യം. 86-ാം ഭരണഘടനാ ഭേദഗതിപ്രകാരം 1971-ലെ സെൻസസ് കണക്കാണ് സംസ്ഥാന ജനസംഖ്യയ്ക്ക് ഉപയോഗിക്കുക. അതുപ്രകാരം യുപിയിലെ എംഎൽഎമാരുടെ മൊത്തം വോട്ടിന്റെ മൂല്യം 83,824 വരും. എല്ലാ സംസ്ഥാനത്തും കൂടിയുള്ള എംഎൽഎമാരുടെ വോട്ടിന്റെ മൂല്യം 5,49,474 വരും. പാർലമെന്റിലെ മൊത്തം വോട്ട് മൂല്യം 5,49,408-ഉം ഇവ ചേർന്ന് 10,98,882 ഉം ആണു രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ആകെ വോട്ട് മൂല്യം. ജയിക്കാൻ വേണ്ടത് 5,49,442.
ഇന്നലത്തെ തെരഞ്ഞെടുപ്പു ഫലം വന്നതോടെ മൊത്തം വോട്ട് മൂല്യത്തിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ എൻഡിഎയ്ക്കു സാധിച്ചു. ജൂലൈ 25-നാണു രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ കാലാവധി തീരുന്നത്. അതിനു മുൻപു ലോക്സഭയിലെയും നിയമസഭകളി ലെയും ഒഴിവുകൾ നികത്താൻ ഇലക്ഷൻ കമ്മീഷൻ നടപടികൾ തുടങ്ങി. ഏപ്രിലിൽ വിവിധ ഉപ തെരഞ്ഞെടുപ്പുകൾ നടക്കും. ഓഗസ്റ്റിൽ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയും വിരമിക്കും. ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് പാർലമെന്റിന്റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ്. അവിടെ എൻഡിഎയ്ക്കു ഭൂരിപക്ഷമുണ്ട്.