ടെഹ്‌റാന്‍: ഇറാന്റെ എണ്ണ വാങ്ങരുതെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ഇക്കാരണം കൊണ്ടുതന്നെ പല രാജ്യങ്ങളും ഇറാന്റെ എണ്ണ വാങ്ങുന്നില്ല. ഈ പ്രതിസന്ധിക്കിടെയാണ് ഇറാനില്‍ പുതിയ എണ്ണ ശേഖരം കണ്ടെത്തിയത്. അമേരിക്കന്‍ ഉപരോധം ഇറാനെ കൂടുതല്‍ തളര്‍ത്തിയിരിക്കെയാണ് ദൈവത്തെ സ്തുതിച്ചുകൊണ്ട് റൂഹാനി ഇക്കാര്യം പരസ്യമാക്കിയത്.
പുതിയ എണ്ണ ശേഖരം ഇറാനില്‍ കണ്ടെത്തിയെന്ന് അദ്ദേഹം അറിയിച്ചു. ഇറാന് ആഗോള വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതാണ് പുതിയ സംഭവം. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് കഴിഞ്ഞവര്‍ഷമാണ് അമേരിക്ക പിന്‍മാറിയത്. തൊട്ടുപിന്നാലെ ഉപരോധം ശക്തമാക്കുകയും ചെയ്തു.
5300 കോടി ബാരല്‍ എണ്ണ യസ്ദ് നഗരത്തില്‍ വച്ചാണ് റൂഹാനി പുതിയ എണ്ണ ശേഖരത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ഇറാനിലെ ദക്ഷിണ മേഖലയിലെ ഖുസസ്താന്‍ പ്രവിശ്യയിലാണ് എണ്ണ ശേഖരം. 5300 കോടി ബാരല്‍ എണ്ണ ഇവിടെയുണ്ടാകുമെന്നാണ് ഭരണകൂടം കരുതുന്നത്.
ഇറാനില്‍ 15000 കോടി എണ്ണ ശേഖരമുണ്ട്. അതിന് പുറമെയാണ് പുതിയ എണ്ണ കണ്ടെത്തിയിരിക്കുന്നതെന്ന് ഹസന്‍ റൂഹാനി പറഞ്ഞു. ഇറാന്റെ എണ്ണയ്‌ക്കെതിരെ അമേരിക്ക ഉപരോധം ചുമത്തിയിരിക്കെയാണ് മറ്റു രാജ്യങ്ങളുടെ സഹായമില്ലാതെ തങ്ങളുടെ ഉദ്യോഗസ്ഥര്‍ പുതിയ ഉറവിടം കണ്ടെത്തിയതെന്ന് റൂഹാനി എടുത്തുപറഞ്ഞു.
ലോകത്ത് കൂടുതല്‍ എണ്ണ സമ്പത്തുള്ള നാലാം രാജ്യമാണ് ഇറാന്‍. പ്രകൃതി വാതകം കൂടുതലുള്ള രണ്ടാം രാജ്യവും ഇറാനാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകമുള്ള രാജ്യം ഖത്തറാണ്. ഈ സമ്പത്ത് തന്നെയാണ് ഖത്തറിനെ ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ ആദ്യസ്ഥാനങ്ങളില്‍ ഇടം നല്‍കിയതും. ഖത്തറുമായി അതിര്‍ത്തി പങ്കിടുന്ന ഇറാനിലെ പ്രദേശത്താണ് ഇറാന്റെ കൈവശമുള്ള വാതകം. ഖത്തര്‍ പ്രകൃതി വാതകം ഉപയോഗിച്ച് ലോക സാമ്പത്തിക ശക്തിയായപ്പോള്‍, ഇറാന് വേണ്ടത്ര തിളങ്ങാന്‍ സാധിക്കുന്നില്ല. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഉപരോധമാണ് ഇറാനെ പിന്നോട്ടടിപ്പിക്കുന്നത്.
ഇറാനില്‍ ഏറ്റവും കൂടുതല്‍ എണ്ണ ശേഖരമുള്ള രണ്ടാം കേന്ദ്രമാണ് ഇപ്പോള്‍ കണ്ടെത്തിയത്. ആദ്യത്തേത് അഹ്‌വാസിലാണ്. അവിടെ 6500 കോടി ബാരല്‍ എണ്ണ നിക്ഷേപമുണ്ടെന്നാണ് കണക്ക്. ഇപ്പോള്‍ കണ്ടെത്തയതില്‍ 5300 കോടി ബാരലും. 2400 ചതുരശ്ര കിലോമീറ്ററിലാണ് പുതിയ എണ്ണ ശേഖരം.