ജമ്മു കശ്മീരില്‍ ഇനി രാഷ്ട്രപതി ഭരണം.

162

ദില്ലി: ആറ് മാസത്തെ ഗവര്‍ണര്‍ ഭരണത്തിന് ശേഷം ജമ്മു കശ്മീരില്‍ ഇനി രാഷ്ട്രപതി ഭരണം. ഡിസംബര്‍ 19 അര്‍ദ്ധരാത്രിയോടെ ആണ് രാഷ്ട്രപതി ഭരണം നിലവില്‍ വരിക. ഇത് സംബന്ധിച്ച ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു.

കഴിഞ്ഞ ജൂണ്‍ മാസത്തോടെ ആണ് ജമ്മു കശ്മീരില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ തുടങ്ങിയത്. പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതോടെ ആയിരുന്നു ഇത്. ഇതോടെ മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ താഴെയിറങ്ങേണ്ട സാഹചര്യം വന്നു.

കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനമെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ആയിരുന്നു. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്കിന്റെ ശുപാര്‍ശയെ തുടര്‍ന്നായിരുന്നു ഇത്. ഡിസംബര്‍ 17 ന് ആണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തതില്‍ തീരുമാനം എടുത്തത്.

മറ്റ് സംസ്ഥാനങ്ങളെ പോലെ അല്ല ജമ്മു കശ്മീരിന്റെ കാര്യം. പ്രത്യേക ഭരണഘടനാ പദവിയുള്ള സംസ്ഥാനം ആണ്. അതുകൊണ്ട് തന്നെ നേരിട്ട് രാഷ്ട്രപതി ഭരണം പ്രഖ്യപിക്കാന്‍ ആവില്ല. ഈ സാഹചര്യത്തില്‍ ആണ് ആറ് മാസത്തെ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്.

നവംബര്‍ 21 ന് ആയിരുന്നു ഗവര്‍ണര്‍ നിയസഭ പിരിച്ചുവിട്ടത്. കോണ്‍ഗ്രസിന്റേയും നാഷണല്‍ കോണ്‍ഫറന്‍സിന്റേയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഡിപി അവകാശ വാദം ഉന്നയിച്ചിരുന്നു. ഇതേ സമയം തന്നെ വെറും രണ്ട് അംഗങ്ങള്‍ മാത്രം ഉള്ള പീപ്പിള്‍സ് കോണ്‍ഫറന്‍സും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. ബിജെപിയുടേയും 18 അജ്ഞാത എംഎല്‍എമാരുടേയും പിന്തുണയുണ്ടെന്നായിരുന്നു വാദം. എന്നാല്‍ കുതിരക്കച്ചവടത്തിന്റെ സാധ്യത മുന്നില്‍ കണ്ടും സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയില്ലായ്മയും ചൂണ്ടിക്കാണിച്ചായിരുന്നു ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടത്‌

NO COMMENTS