ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ വിലാസം മാറിയേക്കും. പേരുമാറ്റത്തിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പ്രശസ്തമായ 7, റേസ് കോഴ്സ് റോഡ് എന്ന വിലാസം ”7 ഏകാത്മാ മാര്‍ഗ്” എന്നാകും അറിയപ്പെടുക.7, റേസ് കോഴ്സ് എന്ന വിലാസം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി ന്യൂഡല്‍ഹി ലോക്സഭാംഗവും പാര്‍ട്ടി വക്താവുമായ മീനാക്ഷി ലേഖിയാണ് സര്‍ക്കാരിന് കത്തെഴുതിയത്. പേര് ഇന്ത്യന്‍ സംസ്കാരത്തിന് ചേരുന്നതല്ല എന്നു കാണിച്ചാണ് കത്ത്.ബിജെപിയുടെ ആദ്യകാല നേതാവ് ദീന്‍ ദയാല്‍ ഉപാധ്യയോടുള്ള ബഹുമാന സൂചകമായാണ് മീനാക്ഷി ലേഖി ഏകാത്മാ മാര്‍ഗ് എന്ന പേര് നിര്‍ദേശിച്ചിരിക്കുന്നത്. ‘ഏകാത്മാ മാനവ്’ എന്നതാണ് അദ്ദേഹത്തിന്റെ തത്വചിന്ത. സപ്തംബര്‍ 25ന് ബിജെപി രാജ്യവ്യാപകമായി ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കുന്നുണ്ട്.ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം കൂടിയായ മീനാക്ഷി ലേഖി അടുത്ത യോഗത്തില്‍ പേരുമാറ്റത്തിനുള്ള നിര്‍ദേശം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2011 ലെ ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ആക്‌ട് പ്രകാരം ന്യൂഡല്‍ഹി എംപിക്കും ന്യൂഡല്‍ഹി, ന്യൂഡല്‍ഹി കന്റോണ്‍മെന്റ് എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ക്കും ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗത്വം ലഭിക്കും.
കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ പ്രശസ്തമായ ഔറംഗസേബ് റോഡിന്റെ പേര് ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ മുന്‍രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ പേരിലേക്ക് മാറ്റിയത് വിവാദമായിരുന്നു. ഔറംഗസേബ് ക്രൂരനായ മുഗള്‍ ഭരണാധികാരിയായിരുന്നെന്ന് കാണിച്ച് ബിജെപി നേതാവ് മഹേഷ് ഗിരിയായിരുന്നു പേര് മാറ്റാന്‍ നിര്‍ദേശിച്ചത്.