ന്യൂഡല്‍ഹി: പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനു ശേഷം ആദ്യമായി വിളിച്ചുചേര്‍ത്ത ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചത്. പാര്‍ലമെന്റ് നടപടികളില്‍നിന്ന് വിട്ടുനില്‍ക്കരുതെന്ന് അദ്ദേഹം എംപിമാരോട് നിര്‍ദേശിച്ചു. പാര്‍ലമെന്റില്‍ പങ്കെടുക്കുന്നതില്‍ വീഴ്ചവരുത്തുന്ന ബിജെപി എംപിമാര്‍ക്കെതിരെയാണ് മോദി
വിമര്‍ശനമുന്നയിച്ചത് .
രണ്ടു ലക്ഷം വോട്ട് നേടി തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും നിങ്ങളുടെ ആത്മസുഹൃത്ത് മാത്രം വോട്ട് ചെയ്തില്ലെന്ന് അറിയുമ്പോൾ നിങ്ങള്‍ക്ക് എന്താണ് തോന്നുക? അവസാന നിമിഷം നിങ്ങളുടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എത്തില്ലെന്ന് അറിയുമ്ബോള്‍ നിങ്ങള്‍ക്കെന്താണ് തോന്നുക? അതുതന്നെയാണ് ബിജെപി എംപിമാര്‍ പാര്‍ലമെന്റില്‍ ഹാജരാകാതിരിക്കുമ്ബോള്‍ പാര്‍ട്ടി നേതൃത്വത്തിന് തോന്നുക- അദ്ദേഹം എംപിമാരോട് പറഞ്ഞു.
പാര്‍ലമെന്റില്‍ തയ്യാറെടുത്ത് വരികയും കൃത്യമായി ഹാജരാകുകയും ചെയ്യുന്നതില്‍ എല്‍ജെപി എംപി ചിരാഗ് പാസ്വാനെ പ്രധാനമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. ബിജെപി എംപിമാര്‍ അദ്ദേഹത്തെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ബിജെപി എംപിമാരുടെ എണ്ണം കുറവായിരുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശം.