വാരണാസി: വാരണാസി ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ബൂത്ത് തലത്തിലുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം തട്ടിയ ശേഷമാകും പത്രികാ സമര്‍പ്പണം.
ബിജെപിയുടെയും എന്‍ഡിഎയുടെയും പ്രധാന നേതാക്കളെല്ലാം വാരണാസിയില്‍ എത്തുന്നുണ്ട്. നേതാക്കളായ സുഖ്വീര്‍ സിംഗ് ബാദല്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ നാമനിര്‍ദ്ദേശ പത്രികസമര്‍പ്പണ ചടങ്ങിന് സാക്ഷിയാകാന്‍ എത്തിച്ചേരുമെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി.
പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി വ്യാഴാഴ്ച വാരണാസിയില്‍ മോദിയുടെ കൂറ്റന്‍ റോഡ് ഷോ നടന്നിരുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ജെപി നദ്ദ, ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെ, ദില്ലി ബിജെപി മനോജ് തിവാരി തുടങ്ങിയവര്‍ റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു. പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയതോടെ മൂന്ന് മണിക്ക് തുടങ്ങാന്‍ തീരുമാനിച്ചിരുന്ന റോഡ് ഷോ 2 മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്.
20194ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് ലക്ഷത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രധാനമന്ത്രി വാരണാസിയില്‍ നിന്നും വിജയിച്ചത്. ഇക്കുറി മോദിക്കെതിരെ പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് രംഗത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അവസാന നിമിഷം സാധ്യത മങ്ങുകയായിരുന്നു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട അജയ് റായിയേ തന്നെയാണ് ഇക്കുറിയും കോണ്‍ഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. മെയ് 19നാണ് വാരണാസിയില്‍ വോട്ടെടുപ്പ്.