ദില്ലി: കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഇതുവരെയില്ലാത്ത കുതിപ്പാണ് ദേശീയ തലത്തില്‍ ഉണ്ടായിരിക്കുന്നത്. 4 ആഴ്ച്ചയ്ക്കുള്ളില്‍ 10 ലക്ഷം പ്രവര്‍ത്തകര്‍ രാജ്യത്തൊട്ടാകെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. ഇവര്‍ പ്രിയങ്കയുടെ വരവോടെയാണ് പാര്‍ട്ടിയിലേക്ക് എത്തിയതെന്നാണ് തുറന്ന് പറഞ്ഞത്. ഇതില്‍ രണ്ട് ലക്ഷം പേര്‍ മാത്രം യുപിയിലാണ് എത്തിയത്. സര്‍വകാല റെക്കോര്‍ഡാണിത്. പ്രിയങ്കയുടെ ശക്തമായ സാന്നിധ്യമുണ്ടായിട്ടും അവര്‍ മത്സരിക്കാതിരിക്കുന്നത് പാര്‍ട്ടിയെ പ്രതിരോധിത്തിലാക്കുമെന്നാണ് അഭിപ്രായം.പ്രിയങ്കാ ഗാന്ധിയുടെ പ്രതിച്ഛായയില്‍ കോണ്‍ഗ്രസിലേക്ക് എത്തുന്ന പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിച്ചുവെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. ഇതോടെ പ്രിയങ്ക മത്സരരംഗത്തിറങ്ങണമെന്ന ആവശ്യ ശക്തമായിരിക്കുകയാണ്.
പ്രിയങ്കയുടെ സ്വാധീന ശക്തി വളര്‍ന്ന് കൊണ്ടിരിക്കുന്നതിനാല്‍ അവര്‍ മത്സരിച്ച് ജയിക്കുന്നത് സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് പുതിയ മേല്‍വിലാസമുണ്ടാക്കി കൊടുക്കും.അതേസമയം പ്രിയങ്കയുടെ വിജയസാധ്യത അറിയാന്‍ ഓരോ മണ്ഡലങ്ങളിലും സര്‍വേ നടത്തുന്നുണ്ട് കോണ്‍ഗ്രസ്. യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖമായി അവരെ ഉയര്‍ത്തി കാണിക്കാനാണ് ശ്രമം. എന്നാല്‍ പ്രിയങ്ക മത്സരിക്കുന്നതിനോട് ഇതുവരെ അനുകൂല തീരുമാനമെടുത്തിട്ടില്ല. പ്രിയങ്ക ഇത്തവണ മത്സരിക്കേണ്ടെന്നാണ് സോണിയയുടെ തീരുമാനം. അവസാന നിമിഷം ഒരു മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. ഫൂല്‍പൂരിലാണ് പ്രിയങ്ക മത്സരിക്കുന്നതെന്നാണ് സൂചന. അവര്‍ക്ക് താല്‍പര്യമുള്ള മണ്ഡലമാണിത്.
കോണ്‍ഗ്രസിന്റെ അലഹബാദ് കമ്മിറ്റി പ്രിയങ്ക ഫൂല്‍പൂരില്‍ നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരിക്കുകയാണ്. ഇതോടെ ഫൂല്‍പൂരില്‍ അവര്‍ മത്സരിക്കുമെന്നാണ് വ്യക്തമാകുന്നത്. പക്ഷേ പാതി സമ്മതത്തിലാണ് അവര്‍. ജയിക്കുമെന്ന ഉറപ്പ് കിട്ടാതെ മത്സരിക്കില്ലെന്ന ഉറച്ച തീരുമാനവും പ്രിയങ്ക എടുത്തിട്ടുണ്ട്.
ബിജെപിയുടെ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമാണ് ഫൂല്‍പൂര്‍. അവിടെ മത്സരിച്ചാല്‍ വിജയിക്കില്ലെന്നാണ് പ്രിയങ്കയുടെ നിഗമനം. നേരത്തെ ബിജെപി വിജയിച്ചെങ്കിലും പിന്നീട് ഈ മണ്ഡലം എസ്പി ബിഎസ്പി സഖ്യം പിടിച്ചെടുത്തിരുന്നു.
മഹാസഖ്യം കൂടി മത്സരരംഗത്തുള്ളതിനാല്‍ വോട്ട് ഭിന്നിച്ച് പോകാന്‍ സാധ്യതയുണ്ട്. ഹിന്ദുവോട്ടുകളാണ് ഇവിടെ നിര്‍ണായകം. തോറ്റാല്‍ അത് രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കുമെന്ന് പ്രിയങ്കയ്ക്ക് അറിയാം. ഫൂല്‍പൂരിലെ ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. റോബിന്‍ ശര്‍മയ്ക്കാണ് ഇതിന്റെ ചുമതല. വരാദ് പാണ്ഡെ, ധീരജ് ശ്രീവാസ്തവ എന്നിവര്‍ ചേര്‍ന്ന് പോസിറ്റീവ് കോണ്‍ഗ്രസ് നിലപാട് മണ്ഡലത്തില്‍ ഉണ്ടാക്കാനാണ് ശ്രമം. പ്രധാനമായും തൊഴില്‍ വിഷയമാണ് ഫൂല്‍പൂരില്‍ എസ്പി ഉന്നയിച്ചത്. ഇത് യുവാക്കളിലേക്ക് വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നടത്തുന്നത്.
ബിജെപിയുടെ ജനപ്രീതി ഇടിഞ്ഞിട്ടുണ്ടെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2014ല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിച്ചപ്പോള്‍ വന്‍ നേട്ടമാണ് ബിജെപി ഉണ്ടാക്കിയത് 71 സീറ്റുകള്‍ അവര്‍ നേടിയരുന്നു. മോദി വാരണാസിയില്‍ നിന്ന് മത്സരിച്ചു എന്നത് കൊണ്ട് മാത്രമായിരുന്നു ഇത്രയധികം സീറ്റുകള്‍ ബിജെപി നേടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് മോദിയും യുപിയില്‍ സജീവമായത്. അതേ തരത്തില്‍ പ്രിയങ്ക യുപിയില്‍ നിന്ന് മത്സരിച്ചാല്‍ അത് ഗെയിം ചേഞ്ചറാവുമെന്ന് ഉറപ്പാണ്.
പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി സമ്മര്‍ദം ചെലുത്തുന്നതും അതുകൊണ്ടാണ്.പ്രിയങ്കയുടെ സ്വന്തം ടീമംഗങ്ങളായ അഖിലേഷ് പ്രതാപ് സിംഗ്, കിഷോരി ലാല്‍ ശര്‍മ, ദീപക് സിംഗ് എന്നിവര്‍ ചേര്‍ന്നാണ് പ്രിയങ്കയുടെ പൊളിറ്റിക്കല്‍ ടീമിനെ നയിക്കുന്നത്. ഇവരുടെ നിര്‍ദേശം അനുസരിച്ചായിരിക്കും പ്രിയങ്ക ഫൂല്‍പൂരില്‍ മത്സരിക്കുക. അതേസമയം പ്രിയങ്ക നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ഇത്തവണ കിഴക്കന്‍ യുപിയില്‍ ഇറക്കുക.
യുപിയിലെ മൊത്തം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രിയങ്കയുടെ നിര്‍ദേശങ്ങളാണ് കൂടുതലായും ഉണ്ടാവുക.
ഫൂല്‍പൂരില്‍ മത്സരിക്കാനുള്ള സാധ്യത പ്രിയങ്ക തള്ളിക്കളയുന്നു. നേരത്തെ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കേണ്ടതായിരുന്നു. എന്നാല്‍ 2022ലെ കോണ്‍ഗ്രസിന്റെ ടാര്‍ഗറ്റ് മുന്നില്‍ കണ്ടാണ് അവര്‍ മത്സരരംഗത്ത് നിന്ന് മാറിയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രിയങ്കയ്ക്ക് സ്വാധീനം ചെലുത്താനായാല്‍ ദീര്‍ഘകാലം അധികാരം നിലനിര്‍ത്താമെന്നാണ് രാഹുല്‍ മുന്നില്‍ കാണുന്നത്. പ്രിയങ്ക കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നില്‍ മത്സരിക്കണമെന്നാണ് സംസ്ഥാന സമിതിയുടെ ആവശ്യം.