വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. വയനാട്ടിലെ ജനങ്ങള്‍ രാഹുലിനെ കൈവിടരുത് നിങ്ങള്‍ക്ക് അയാളെ വിശ്വസിക്കാം എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
എന്റെ സഹോദരന്‍, എന്റെ നല്ലൊരു സുഹൃത്ത്, അതിലേറെ എനിക്കറിയാവുന്ന ഏറ്റവും ധൈര്യശാലിയായ ആള്‍. അവനെ വിശ്വസിക്കുക, അവന്‍ നിങ്ങളെ കൈവിടില്ല,’ പ്രിയങ്ക ട്വീറ്റ് ചെയ്തു. രാഹുല്‍ പത്രിക സമര്‍പ്പിക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. രാഹുല്‍ ഗാന്ധിയുടെ പിന്നില്‍ നിന്ന് എടുത്തിരിക്കുന്ന ചിത്രം പ്രിയങ്ക തന്നെ എടുത്തതാകാനാണ് സാദ്ധ്യത.
പ്രിയങ്ക ഗാന്ധിക്കൊപ്പം കല്‍പ്പറ്റയില്‍ ഹെലികോപ്ടറിലാണ് രാഹുല്‍ വയനാട്ടിലെത്തിയത്. യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം സിവില്‍ സ്റ്റേഷനിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച അദ്ദേഹം റോഡ് ഷോയില്‍ പങ്കെടുത്ത ശേഷമാണ് വയനാട്ടില്‍ നിന്ന് മടങ്ങിയത്. രാഹുലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കാനായി നിരവധി പ്രവര്‍ത്തകരാണ് കല്‍പ്പറ്റയില്‍ എത്തിച്ചേര്‍ന്നത്.