തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കാറിടിച്ചു മരിച്ച സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പ്രോസിക്യൂഷന് കോടതിയെ സമീപിച്ചേക്കും.
സംഭവ സമയത്തു ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നതായ സാക്ഷി മൊഴികള്‍ അടക്കം കോടതിയില്‍ ഹാജരാക്കാതിരുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ പുനഃപരിശോധന വേണമെന്ന് ആവശ്യത്തെ തുടര്‍ന്നാണു നടപടി. പോലീസ് വീഴ്ചയെ തുടര്‍ന്നാണു ശ്രീറാം വെങ്കിട്ടരാമനു ജാമ്യം ലഭിച്ചതെന്നാണു പ്രധാന ആരോപണം.
അപകടം നടന്ന് ഒന്‍പത് മണിക്കൂറിനു ശേഷം ശേഖരിച്ചു പരിശോധിച്ച രക്ത സാംപിളില്‍ മദ്യത്തിന്റെ അംശമില്ലെന്ന് ഫലം വന്നതോടെ ശ്രീറാമിന് ജാമ്യം ലഭിക്കുന്നത് എളുപ്പമായി.
അപകടം നടന്ന ശേഷം പരിശോധനയ്ക്കായി രക്തമെടുത്തത് വൈകിയാണെന്നും മദ്യം മണക്കുന്നുവെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ കുറിച്ചതുമുള്പ്പടെയുള്ള കാര്യങ്ങള്‍ പ്രോസിക്യൂഷന് കോടതിയില്‍ അവതരിപ്പിക്കാനായില്ല. അപകടനം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശ്രീറാമിന്റെ വിരലടയാളം ശേഖരിച്ചില്ല. എന്നാല്‍ അദ്ദേഹം ജാമ്യാപേക്ഷയില്‍ ഒപ്പിടുകയും ചെയ്തു.