തിരുവനന്തപുരം: മോഹന്‍ലാലിന് അത്തരമൊരു താത്പര്യമില്ലെന്നും തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ലെന്ന് ഉറപ്പാണെന്നും സുഹൃത്തും നിര്‍മ്മാതാവുമായ സുരേഷ്കുമാര്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തി. മോഹന്‍ലാലിന് രാഷ്ട്രീയ നിലപാടുകളുണ്ടെങ്കിലും അദ്ദേഹത്തിന് സിനിമയില്‍ തുടരാനാണ് താത്പര്യമെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.
രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങളെക്കുറിച്ച് മോഹന്‍ലാലുമായി സംസാരിച്ചിരുന്നുവെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. തത്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സിനിമയാണ് അദ്ദേഹത്തിന് എല്ലാം. അദ്ദേഹം സിനിമാ അഭിനയം തുടര്‍ന്നുകൊണ്ട് പോകുന്നതാണ് നല്ലതെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.മോഹന്‍ലാല്‍ മത്സരിക്കുമോ എന്ന് പലരും തന്നോട് അന്വേഷിച്ചിരുന്നു. അത് അദ്ദേഹവുമായി ചര്‍ച്ച ചെയ്തപ്പോള്‍ താത്പര്യമില്ലെന്ന് പറയുകയും ചെയ്തു. എന്നാല്‍ അത്തരം ചോദ്യങ്ങള്‍ ഔദ്യോഗികമായിരുന്നില്ല. മോഹന്‍ലാലിനെ ആരും വലിച്ചിഴച്ചിട്ടില്ല. ആരും നിര്‍ബന്ധിച്ചിട്ടുമില്ല.
മോഹന്‍ലാല്‍ നരേന്ദ്രമോദിയുടെ ആരാധകനൊന്നുമല്ല. ആര്‍ക്ക് വേണമെങ്കിലും മോദിയെ പോയി കാണാം. മോദിയെ കാണണമെന്ന് ലാലിന് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം പോയി കണ്ടു. നല്ലത് ചെയ്താല്‍ സര്‍ക്കാരിനെ പുകഴ്ത്തും. അതിന് മത്സരിക്കുന്നു എന്ന് അര്‍ത്ഥമില്ലെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.