അഹമ്മദാബാദ്: മറ്റൊരാളുടെ നിര്‍ബന്ധമോ പ്രേരണയോ ഇല്ലാതെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഇത്തരം അവസരങ്ങളില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കേസെടുക്കാനാവില്ലെന്നും കോടതി വിധിച്ചു.
ശാരീരിക, ലൈംഗിക ചൂഷണത്തെക്കുറിച്ചും ലൈംഗിക അടിമത്തത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 370ാം വകുപ്പിലെ വ്യവസ്ഥകള്‍ വ്യാഖ്യാനിക്കുമ്പോഴാണ് ജസ്റ്റിസ് ജെ.ബി പര്‍ദിവാല ഇങ്ങനെ അഭിപ്രായപ്പെട്ടത്. നിര്‍ഭയ കൂട്ടബലാത്സംഗ കേസിനു ശേഷം ഈ വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കിയിരുന്നു. ഇതിനുശേഷം വേശ്യാവൃത്തിയില്‍ ഉപഭോക്താക്കളായി എത്തുന്നവരെപ്പോലും കുറ്റക്കാരായി കണക്കാക്കാമെന്ന് വന്നിരുന്നു. സൂറത്തില്‍ ഒരു വേശ്യാലയത്തില്‍നിന്ന് മറ്റ് അഞ്ചുപേര്‍ക്കൊപ്പം അറസ്റ്റിലായ വിനോദ് പട്ടേല്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സദാചാര വിരുദ്ധ പ്രവൃത്തി തടയാനുള്ള നിയമവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 370 നിയമവുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ലൈംഗിക തൊഴിലാളികള്‍ക്കോ ഇരകള്‍ക്കോ ഒപ്പമല്ല, സ്വന്തം ഊഴം കാത്തിരിക്കുമ്പോഴാണ് അറസ്റ്റിലായതെന്ന് ചൂണ്ടിക്കാട്ടിയാണ് വിനോദ് പട്ടേല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇരകളുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി അവരെ ഉപയോഗിച്ച കുറ്റവാളി എന്ന നിലയിലാണ് തനിക്കെതിരെ കേസ് എടുത്തത് എന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച കോടതി സദാചാര വിരുദ്ധ പ്രവൃത്തി തടയാനുള്ള നിയമം വിനോദിനു മേല്‍ ചുമത്തിയത് ഒഴിവാക്കി. ലൈംഗിക തൊഴിലാളികളെ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്ന റാക്കറ്റിലെ അംഗമല്ലാത്തതിനാല്‍, വിനോദ് പട്ടേലിനെതിരെ ഈ നിയമം ചുമത്താനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 370 നിയമം ചുമത്തുന്നത് കോടതി ഒഴിവാക്കിയില്ല. വിനോദ് പട്ടേല്‍ നേരത്തെ പണം കൊടുത്തോയെന്നും ഉപഭോക്താവ് എന്ന നിലയിലേക്ക് മാറിയിരുന്നോ എന്നും അന്വേഷിച്ച് കണ്ടെത്തുന്നത് വരെ ഈ നിയമം റദ്ദാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.