തിരുവനന്തപുരം : കനത്ത മഴയും ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും കാരണം വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയ സാഹചര്യത്തിൽ അവിടെ കഴിയുന്ന വനിത ശിശുവികസന വകുപ്പിന്റെ ഗുണഭോക്താക്കൾക്ക് ഐ.സി.ഡി.എസ്. സേവനങ്ങൾ എത്തിക്കാൻ ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർദേശം നൽകി.
ദുരിതാശ്വാസ ക്യാമ്പിലെ ആളുകളുടെ കണക്കിൽ നിന്നും ആറ് വയസിൽ താഴെയുള്ള കുട്ടികൾ, മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവരുടെ പട്ടിക തയ്യാറാക്കിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഈ പട്ടിക എല്ലാദിവസവും രാവിലേയും വൈകുന്നേരവും റവന്യൂ വകുപ്പുമായി ഒത്തുനോക്കേണ്ടതാണ്. ക്യാമ്പ് നടക്കുന്ന കെട്ടിടത്തിൽ അങ്കണവാടി സേവനങ്ങൾ നൽകുന്നതിന് ക്യാമ്പിന് സമീപത്ത് പ്രത്യേക സൗകര്യമൊരുക്കുന്നതാണ്. മുലയൂട്ടുന്ന അമ്മമാർക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാൻ പ്രത്യേക സൗകര്യമൊരുക്കാനും നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ക്യാമ്പിലുള്ള കുട്ടികളുടെ പോഷക നിലവാരം ഉറപ്പുവരുത്തുന്നതിന് അമൃതം ഉപയോഗിച്ചുള്ള വിഭവങ്ങൾ ഒരുനേരമെങ്കിലും നൽകണം. കുട്ടികളുടെ തൂക്കം ദിവസവും രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കും. ഐ.സി.ഡി.എസ്. സൂപ്പർ വൈസർമാരും സി.ഡി.പി.ഒ.മാരും ക്യാമ്പ് തീരുന്നവരെ നിർബന്ധമായും ക്യാമ്പുകളിൽ ഉണ്ടായിരിക്കണം. ഗുണഭോക്താക്കൾക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിൽമാരുടെ സേവനം ഉറപ്പു വരുത്തണം.
പ്രോഗ്രാം ഓഫീസർമാർ, സി.ഡി.പി.ഒ.മാർ, സൂപ്പർ വൈസർമാർ, എന്നിവർ നേരിട്ട് ക്യാമ്പുകൾ സന്ദർശിക്കേണ്ടതും അങ്കണവാടി വഴി ഇവർക്ക് ലഭിക്കേണ്ടതായ ഭക്ഷ്യവസ്തുക്കൾ (അമൃതം ന്യൂട്രിമിക്സ്, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പ്രായക്കാരായ പെൺകുട്ടികൾ എന്നിവർക്ക് ജനറൽ ഫീഡിംഗായി നൽകിവരുന്ന ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങിയവ) ക്യാമ്പുകളിൽ എത്തിക്കണം.
സന്ദർശന സമയത്ത് ശുചിത്വശീലങ്ങളെ കുറിച്ചും പകർച്ചവ്യാധികൾ പകരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ബോധവൽക്കരണം നടത്തണം. പോഷകാഹാരം വിതരണം നടത്തിയതു സംബന്ധിച്ചും ബോധവൽക്കരണം നടത്തിയതു സംബന്ധിച്ചും ബന്ധപ്പെട്ട പ്രോഗ്രാം ഓഫീസർമാർ റിപ്പോർട്ടും നൽകണം.