മലപ്പുറം : കൊടിഞ്ഞിയില്‍ ഇസ്ലാംമതം സ്വീകരിച്ച പുല്ലാണി ഫൈസലിനെ കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികള്‍ അറസ്റ്റില്‍. ഫൈസലിന്റെ സഹോദരിയുടെ ഭര്‍ത്താവ് വിനോദ് ഉള്‍പ്പെടെയുള്ളവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
വിനോദിനെ കൂടാതെ ഹരിദാസന്‍, ഷാജി, സുനി, സജീഷ്, പ്രദീപ്, ജയപ്രകാശ്, ലിജീഷ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരില്‍ ആര്‍എസ്‌എസ് നേതാക്കളും ഉള്ളതായി സൂചനയുണ്ട്. നവംബര്‍ 20നാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഫൈസല്‍ മതംമാറിയതിലെ വിരോധമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചനയില്‍ പങ്കാളികളായവരാണ് ഇപ്പോള്‍ അറസ്റ്റു ചെയ്തിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ മൂന്നു പേരെ പിടികിട്ടാനുണ്ടെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ഫൈസലിന്റെ ബന്ധുക്കളും സംഘടനാ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ പോലീസ് നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ കേസില്‍ അറസ്റ്റുകളൊന്നും നടന്നിരുന്നില്ല. കൊലപാതകത്തിനു പിന്നിലുള്ളവരെ കണ്ടെത്താനായി പോലീസ് നിരവധി ഫോണ്‍കോളുകളും കൊടിഞ്ഞി പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.