കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളം ജില്ലക്ക് പുറത്തേക്ക് മാറ്റരുതെന്ന് മുഖ്യപ്രതി സുനില്‍ കുമാര്‍. കേസ് പരിഗണിക്കാന്‍ പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നാവശ്യപ്പെട്ട് നടി നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സുനില്‍ കുമാറിന്റെ ഹര്‍ജി. പ്രത്യേക കോടതിയും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യങ്ങള്‍ കേസ് നീട്ടിക്കൊണ്ടു പോകാനാണെന്ന് സുനില്‍ കുമാറിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. സെഷന്‍സ് കോടതിയില്‍ സുഗമമായാണ് കേസിന്റെ വിചാരണ നടക്കുന്നത്. കേസ് മറ്റ് ജില്ലകളിലേക്ക് മാറ്റുന്നത് വിചാരണ നീളാന്‍ കാരണമാവും. അതിനാല്‍ എറണാകുളത്തു തന്നെ കേസിന്റെ വിചാരണ നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.