അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കായുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാനത്ത് 3ന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30ന് പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.
പൾസ് പോളിയോ ഇമ്മ്യൂണൈസേഷനായി സംസ്ഥാനം സജ്ജമായതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. അഞ്ച് വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾ പ്പെടെ 23,471 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. 46,942 വോളണ്ടിയർ, 1564 സൂപ്പർവൈസർമാർ ഉൾപ്പെടെ അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമാവുക. എന്തെങ്കിലും കാരണത്താൽ മാർച്ച് മൂന്നിന് തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് ഭവന സന്ദർശന വേളയിൽ തുള്ളിമരുന്ന് നൽകും.
രക്ഷാകർത്താക്കൾ അഞ്ച് വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുള്ളിമരുന്ന് നൽകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കുക.