പള്‍സര്‍ സുനിയെ ചോദ്യംചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

181

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെ ചോദ്യംചെയ്യലിനായി പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. രഹസ്യമായിട്ടായിരുന്നു പോലീസ് നീക്കം. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി കാക്കനാട് ജയിലില്‍ കഴിയുമ്ബോഴാണു പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ രഹസ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്. നടനും സംവിധായകനുമായ നാദിര്‍ഷയെയും നടന്‍ ദിലീപിന്റെ മാനേജരെയുമാണു സുനി വിളിച്ചു സംസാരിച്ചതെന്നു കണ്ടെത്തി. നടിയെ ആക്രമിച്ച കേസിലേക്കു തങ്ങളെ വലിച്ചിഴക്കുമെന്നു ഭീഷണിപ്പെടുത്താനാണു സുനി വിളിച്ചതെന്നു ദിലീപ് പരാതിയും നല്‍കി. തുടര്‍ന്ന് സുനില്‍കുമാറിനെ ജയിലില്‍ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ മൊഴി ദിലീപിനും കൂട്ടര്‍ക്കും എതിരായിരുന്നു. ഇതോടെ നടിക്കെതിരെ നടന്ന അതിക്രമത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്നു കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങി. ഇതിനൊപ്പമാണു ജയിലിലെ ഫോണ്‍ ഉപയോഗത്തിനുള്ള കേസും റജിസ്റ്റര്‍ ചെയ്തത്. ഈ കേസിന്റെ അന്വേഷണത്തിനായാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ വാങ്ങിയതെങ്കിലും നടി ആക്രമിച്ച കേസിന്റെ ഗൂഡാലോചനയെക്കുറിച്ചാണു പ്രധാനമായും അന്വേഷിക്കുന്നത്. നേരത്തെ ജയിലില്‍ ചോദ്യം ചെയ്തപ്പോള്‍ ദിലീപിനെതിരെ മൊഴി നല്‍കിയെങ്കിലും പിന്നീട് കൂടുതലൊന്നും വെളിപ്പെടുത്താന്‍ സുനി തയാറായില്ല. ഈ സാഹചര്യത്തിലാണു ചോദ്യം ചെയ്യല്‍ രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയതെന്നാണു സൂചന.

NO COMMENTS