നടിയെ ആക്രമിച്ച സംഭവം: സിംകാര്‍ഡും മെമ്മറികാര്‍ഡും അമ്പലപ്പുഴയില്‍ നിന്ന് കണ്ടെടുത്തു

208

ആലപ്പുഴ: നടിയെ ആക്രമിച്ച കേസില്‍ നിർണായക തെളിവായ സിം കാര്‍ഡും മെമ്മറികാര്‍ഡും അമ്പലപ്പുഴയില്‍ നിന്ന് കണ്ടെടുത്തു. പള്‍സര്‍ സുനിയുടെ കൂട്ടുകാരന്‍ മനുവിന്റെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തത്. സുനിയുമായി നടത്തിയ തെളിവെടുപ്പിലാണ് ഇവ പോലീസ് കണ്ടെടുത്തത്.എന്നാല്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇവ ഉപയോഗിച്ചാണോ എന്ന് കാര്യം സ്ഥിരീകരിച്ചിച്ചില്ല.
നടി അക്രമിക്കപ്പെട്ടതിന്റെ പിറ്റേ ദിവസം രാവിലെ ഏഴു മണിയോടെയാണ് സുനി വീട്ടിലെത്തിയതെന്ന് മനുവിന്റെ അമ്മയും സഹോദരിയും പോലീസിനെ അറിയിച്ചു. ഫോണില്‍ നിന്ന് സിംകാര്‍ഡും മെമ്മറി കാര്‍ഡും പുറത്തെടുക്കാന്‍ സഹോദരിയില്‍ നിന്ന് ഒരു സേഫ്റ്റി പിന്‍ സുനി ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഫോണ്‍ തുറക്കാനായില്ലെന്നും സഹോദരി മൊഴി നല്‍കി. പിന്നീട് ഇവര്‍ മനുവുമൊത്ത് പുറത്തേക്ക് പോയി. ഒന്നര മണിക്കൂറിന് ശേഷമാണ് തിരിച്ച് വന്നത് . മനുവിനോട് 10,000 രൂപ കടം ആവശ്യപ്പെട്ടുവെന്നും മനു കൊടുത്തില്ലെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് ടിവിയിലൂടെ സുനിയെ മനുവിന്റെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞപ്പോള്‍ അവിടെ നിന്നും കടന്നു കളഞ്ഞതായി വെളിപ്പെടുത്തി. കീഴടങ്ങാനെത്തിയപ്പോൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫോൺ ഓടയിൽ ഉപേക്ഷിച്ചെന്നായിരുന്നു സുനിയുടെ ആദ്യമൊഴി.പിന്നീട് ഇതുപലവട്ടം മാറ്റിപ്പറയുകയും ചെയ്തു.പോലീസിന് വലിയ വെല്ലുവിളിയായിരിക്കുന്ന പശ്ചാത്തലത്തിലാണ് മെമ്മറികാര്‍ഡും സിം കാര്‍ഡും കണ്ടെടുത്തിരിക്കുന്നത്. എന്നാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷമേ നടിയെ ആക്രമിച്ച സമയത്ത് ഉപയോഗിച്ചവയാണോ എന്ന് വ്യക്തമാകു.
സാംസങ് ഫോണ്‍ സുനി ഗോ ശ്രീ പാലത്തില്‍ നിന്ന് വലിച്ചറിഞ്ഞു എന്നാണ് മുഖ്യപ്രതി പള്‍സര്‍ പോലീസിനോട് പറഞ്ഞത്. പാലത്തിന് അടിയിലെ കായലില്‍ പരിശോധന ആരംഭിച്ചു കഴിഞ്ഞു. നാവികസേനയുടെ അഞ്ചംഗ മുങ്ങല്‍വിദഗ്ധരുടെ സംഘമാണ് പരിശോധന നടത്തുന്നത്. പ്രതി ഒളിവില്‍ പോയ സമയത്ത് താമസിച്ച ആലപ്പുഴ, കുണ്ടന്നൂര്‍ സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഇതിനായി സുനിയുമായി പോലീസ് ആലപ്പുഴയിലെത്തിയിട്ടുണ്ട്. മറ്റാര്‍ക്കെങ്കിലും ഫോണ്‍ കൈമാറിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. മുന്‍പ് നടത്തിയ പരിശോധനകളിലൊന്നും ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

NO COMMENTS

LEAVE A REPLY