എറണാകുളം : നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ താന്‍ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് പള്‍സര്‍ സുനി. കോടതിയിലാണ് സുനി ഇക്കാര്യം വ്യക്തമാക്കിയത്. നുണ പരിശോധനയ്ക്ക് മാനസികമായും ശാരീരികമായും തയ്യാറല്ലെന്നും സുനി പറഞ്ഞു. പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കുന്ന സുനിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പോലീസ് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അറിയിച്ചിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാത്തതും പോലീസിന് തലവേദനയായതോടെയാണ് നുണപരിശോധന നടത്താന്‍ അന്വേഷണ സംഘം നീക്കം നടത്തിയത്.
എന്നാല്‍ നുണ പരിശോധന നടത്തുന്നതിന് വിധേയനാക്കുന്നയാളുടെ സമ്മതം കൂടി വേണ്ടതിനാല്‍ പോലീസിനു മുന്നില്‍ ഇനി മറ്റ്‌പോംവഴികളൊന്നുമില്ല. അതിനിടെ നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാനായി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒന്നിലധികം കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നതായി സുനി വെളിപ്പെടുത്തി. ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് മറ്റൊരു മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയതായാണ് മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് അഭിഭാഷകനെ ഏല്‍പിച്ചതായും മൊഴിയില്‍ പറയുന്നു. ഈ അഭിഭാഷകന്‍ മെമ്മറി കാര്‍ഡിനൊപ്പം നല്‍കിയ മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും മറ്റു രേഖകളും ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. കോടതിയില്‍ നിന്ന് ലഭിച്ച മെമ്മറി കാര്‍ഡ് പോലീസ് ഫോറന്‍സിക് പരിശോധനയ്ക്കായി അയിച്ചിരിക്കുകയാണ്. പരിശോധനാ ഫലം പുറത്തു വന്നാല്‍ മാത്രമെ മൊഴിയുടെ വിശ്വാസ്യത ഉറപ്പു വരുത്താന്‍ സാധിക്കുകയുള്ളു. എന്നാല്‍ കോടതിയില്‍ നിന്ന് ലഭിച്ച മെമ്മറി കാര്‍ഡിനു പുറമെ മറ്റു സംവിധാനങ്ങളിലേക്കും ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.