തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. പ്രതി പൾസർ സുനിയുടെ അഭിഭാഷകനിൽനിന്ന് ലഭിച്ച മെമ്മറികാർഡിൽനിന്നാണ് പോലീസിന് ദൃശ്യങ്ങൾ ലഭിച്ചത്. അഭിഭാഷകൻ കോടതിയിൽ കൈമാറിയ മെമ്മറികാർഡ് പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഫോറൻസിക് പരിശോധനയിലാണ് ദൃശ്യങ്ങൾ കണ്ടെടുത്തത്. ഒരു വാർത്താ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്ക് മാറ്റിയതായി കേസിലെ മുഖ്യപ്രതി പൾസർ സുനി അന്വേഷണ സംഘത്തിന് നേരത്തെ മൊഴി നൽകിയിരുന്നു. അഭിഭാഷകനു നൽകിയ ഫോണിലാണ് ഈ ദൃശ്യങ്ങൾ പകർത്തിയതെന്നും സുനി മൊഴി നൽകി. പിന്നീട് ഈ ഫോണ് അഭിഭാഷകൻ കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്നു വിദഗ്ധ പരിശോധനയ്ക്കായി ഈ ഫോണ് പോലീസ് ലാബിലേക്കയച്ചു.