കൊച്ചി: സിനിമാ നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. രണ്ടാമത് വക്കാലത്തെടുത്ത അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. സുനിയുടെ മൊബൈലും സിം കാര്‍ഡും കിട്ടിയത് അഭിഭാഷകന്റെ ഓഫീസില്‍നിന്നാണ്. നടിയെ ആക്രമിക്കുമ്ബോള്‍ സുനി ധരിച്ചിരുന്ന വസ്ത്രങ്ങളും ഇവിടെനിന്നു ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇതേത്തുടര്‍ന്നാണ് അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനായി ഒരിക്കല്‍ വിളിച്ചുവരുത്തിയതാണ്. എന്നാല്‍ കോടതിയെ സമീപിച്ച പ്രതീഷ് ചാക്കോ, അഭിഭാഷകനെ ഇങ്ങനെ ചോദ്യം ചെയ്യാന്‍ പൊലീസിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതു തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ഹൈക്കോടതി പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. രണ്ടുദിവസത്തിനുള്ളില്‍ പൊലീസിനു മുന്നില്‍ ഹാജരാകണമെന്നാണു പ്രതീഷ് ചാക്കോയ്ക്ക് കോടതിയില്‍നിന്നു ലഭിച്ച നിര്‍ദേശം. നേരത്തെ സുനിയുടെ മുന്‍ അഭിഭാഷകന്‍ ഇ.സി. പൗലോസിനെ കേസില്‍ സാക്ഷിയാക്കിയിരുന്നു. പ്രതികള്‍ പൗലോസിന്റെ കൈവശം മൊബൈല്‍ ഫോണും പഴ്സും കൈമാറിയിരുന്നു. ഇതു പിന്നീട് കോടതിയില്‍ പൗലോസ് തന്നെ ഹാജരാക്കി. ഇതിനെത്തുടര്‍ന്നാണു കേസില്‍ സാക്ഷിയാക്കിയത്.