പഞ്ചാബ് ബി.ജെ.പിയില്‍ പൊട്ടിത്തെറി; സംസ്ഥാന അധ്യക്ഷന്‍ രാജിക്കത്ത് നല്‍കി

204

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ പഞ്ചാബില്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന അധ്യക്ഷന്‍ വിജയ് സാംബ്ല രാജി സന്നദ്ധത അറിയിച്ചു. ബി.ജെ.പിയുടെ അവസാനത്തെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നലെയാണ് പാര്‍ട്ടി പുറത്തിറക്കിയത്. സിറ്റിങ് എം.എല്‍.എ സോം പ്രകാശിന് സീറ്റ് നല്‍കരുതെന്ന തന്റെ അഭിപ്രായം കേന്ദ്ര നേതൃത്വം അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് വിജയ് സാംബ്ല ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് അദ്ദേഹം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി സ്ഥാനവും അദ്ദേഹം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പഞ്ചാബില്‍ പരാജയ സാധ്യത കണക്കിലെടുത്ത് രണ്ട് സിറ്റിങ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. എന്നാല്‍ സാംബ്ലയുടെ നിര്‍ദ്ദേശം അവഗണിച്ച് സോം പ്രകാശിന്റെ പേര് ഇന്നലെ പുറത്തുവന്ന സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഇതോടൊണ് പല മണ്ഡലങ്ങളിലും വിജയ സാധ്യതയല്ല മാനദണ്ഡമായതെന്നാണ് വിജയ് സാംബ്ലയുടെ ആരോപണം. എന്നാല്‍ വിജയ സാധ്യത മാത്രമായിരുന്നു സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള മാനദണ്ഡമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം വിശദീകരിക്കുന്നത്. തന്നെ വിശ്വാസത്തിലെടുക്കാത്ത സാഹചര്യത്തില്‍ നേതൃസ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്നാണ് വിജയ് സാംബ്ല പാര്‍ട്ടി ദേശീയ അധ്യക്ഷനെ അറിയിച്ചത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി നാളെയായതിനാല്‍ പ്രശ്നം അടിയന്തരമായി പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര നേതൃത്വം.

NO COMMENTS

LEAVE A REPLY