കൊല്ലം: നാലു വർഷത്തിനുശേഷം പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വെടിക്കെട്ട് നടത്തിയവരും ക്ഷേത്രഭരണ സമിതി അംഗങ്ങളും അടക്കം 52 പേരാണു പ്രതികൾ.
കൊല്ലം പരവൂർ കോടതിയിലാണു ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും അളവിൽ കൂടുതൽ വെടിമരുന്ന് ശേഖരിച്ചെന്ന് കുറ്റപത്രത്തിലുണ്ട്.
2016 ഏപ്രിൽ പത്താം തിയതിയാണ് പുറ്റിങ്ങൽ വെടിക്കെട്ട് അപകടമുണ്ടായത്. ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ 110 പേരാണ് മരിച്ചത്. എഴുന്നൂറിലേറെ പേർക്ക് പരുക്കേറ്റു. നൂറിലധികം വീടുകൾ തകർന്നു.
അപകടത്തിൽ ഉദ്യോഗസ്ഥർക്ക് പൂർണമായും ക്ലീൻ ചിറ്റ് നൽകുന്ന അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ പി.എസ്. ഗോപിനാഥൻ കമ്മിഷൻ ഇവർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തിരുന്നു.