പി.വി.സി ഫ്‌ളക്‌സ് നിരോധിച്ച് ഉത്തരവായി.

115

തിരുവനന്തപുരം : ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന പോളി വിനൈൽ ക്ലോറൈഡ് (പി.വി.സി) ഉപയോഗിച്ചുള്ള ഫ്‌ളക്‌സ് സംസ്ഥാനത്ത് നിരോധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവായി. ഇത് സംബന്ധിച്ച് പാലിക്കേണ്ട നടപടിക്രമങ്ങളും ഉത്തരവിൽ വിശദമാക്കിയിട്ടുണ്ട്.

സർക്കാർ പരിപാടികൾ, സ്വകാര്യ പരിപാടികൾ, മതപരമായ ചടങ്ങുകൾ, സിനിമ, തിരഞ്ഞെടുപ്പ് പ്രചാരണം, മറ്റു പരസ്യങ്ങൾ ഉൾപ്പെടെ യാതൊരു പ്രചാരണത്തിനും പി.വി.സി ഫള്ക്‌സ് ഉപയോഗിക്കാനോ അച്ചടിക്കാനോ പാടില്ല. പകരം പരിസ്ഥിതി സൗഹൃദവും പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്നതുമായ വസ്തുക്കൾ ഉപയോഗിച്ചുള്ള പ്രിൻറിംഗ് പ്രോത്സാഹിപ്പിക്കണം.

പി.വി.സി ഫ്‌ളക്‌സിന് പകരമായി തുണി, പേപ്പർ, പോളി എത്തലീൻ തുടങ്ങി പുനഃചംക്രമണം സാധ്യമായ വസ്തുക്കൾ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ പരസ്യബോർഡുകളോ മാത്രമേ പരസ്യപ്രചാരണങ്ങൾക്ക് ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് കോട്ടിങ് ഉള്ള ക്ലോത്ത് ഉപയോഗിക്കാൻ പാടില്ല.

ഇത്തരം വസ്തുക്കളിൽ അച്ചടിക്കുമ്പോൾ ‘റീസൈക്ലബിൾ, പി.വി.സി ഫ്രീ’ എന്ന ലോഗോയും, ഉപയോഗം അവസാനിക്കുന്ന തിയതിയും പ്രിൻറ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും, പ്രിൻറിംഗ് നമ്പരും നിർബന്ധമായും ഉൾപ്പെടുത്തണം. പ്രിൻറ് ചെയ്യുന്ന ഉപഭോക്താവിന്റെ മുഴുവൻ വിവരവും സ്ഥാപനത്തിൽ സൂക്ഷിക്കണം. തിയതി വച്ചുള്ള പരിപാടി ബാനറുകൾക്ക് അത് അവസാനിക്കുന്ന തിയതി ഉപയോഗം അവസാനിക്കുന്ന തിയതിയായും, തിയതി വയ്ക്കാത്ത സ്ഥാപനങ്ങളുടേയും മറ്റും പരസ്യങ്ങൾക്ക് പരമാവധി 90 ദിവസം പിന്നിട്ടുള്ള തിയതി ഉപയോഗം അവസാനിക്കുന്ന തിയതിയായും നിശ്ചയിക്കണം.

ഇങ്ങനെ പ്രദർശിപ്പിക്കുന്ന ബോർഡുകൾ/ബാനറുകൾ ഉപയോഗം അവസാ നിക്കുന്ന തിയതിക്കുശേഷം പരമാവധി ഏഴുദിവസത്തിനുള്ളിൽ സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യണം. തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ സ്ഥാപിച്ചിട്ടുള്ള നിലവിലുള്ള പരസ്യബോർഡുകൾക്കും ഈ വ്യവസ്ഥ ബാധകമായിരിക്കും. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ബോർഡ് സ്ഥാപിച്ചവരിൽനിന്ന് സ്‌ക്വയർഫീറ്റിന് 20 രൂപ നിരക്കിൽ പിഴയും, ഡിസ്മാന്റിലിംഗ് ചാർജും കൺവയൻസ് ചാർജും അതത് നഗരസഭ/ഗ്രാമപഞ്ചായത്ത് ഈടാക്കണം.

സംസ്ഥാനത്തെ മുഴുവൻ പരസ്യ പ്രിൻറിംഗ് സ്ഥാപനങ്ങളിലും പുനഃചംക്രമണം ചെയ്യാവുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള പ്രിൻറിംഗ് ജോലികൾ മാത്രമേ ഏറ്റെടുക്കുകയുള്ളൂ എന്ന് പൊതുജനശ്രദ്ധ ലഭിക്കും വിധം പ്രദർശിപ്പിക്കണം.

പി.വി.സി ഫ്്‌ളക്‌സിൽ അച്ചടിക്കുന്ന ബാനർ/ബോർഡ് സ്ഥാപിക്കുന്ന വ്യക്തി /സ്ഥാപനത്തിന് നോട്ടീസ് നൽകും. അച്ചടിച്ചുനൽകിയ സ്ഥാപനത്തിന്റെ വിവരം ശേഖരിച്ച് അവരിൽനിന്ന് ആദ്യപടിയായി സ്‌ക്വയർഫീറ്റിന് 20 രൂപ നിരക്കിൽ തദ്ദേശസ്ഥാപനങ്ങൾ പിഴ ഈടാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾ തുടരുകയാണെങ്കിൽ അത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും.

നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. (സ.ഉ (കൈ.) നം. 111/2019/ത.സ്വ.ഭ.വ. തീയതി: 29.08.2019.

NO COMMENTS