മരാമത്ത് വകുപ്പിന്‍റെ അനുമതി കൂടാതെ റോഡുകള്‍ കുഴിക്കുകയോ നടപ്പാതകള്‍ കൈയേറുകയോ ചെയ്യുന്നവര്‍ പോലീസിന്‍റെ പിടിയിലാകും

216

തിരുവനന്തപുരം: മരാമത്ത് വകുപ്പിന്‍റെ അനുമതി കൂടാതെ റോഡുകള്‍ കുഴിക്കുകയോ നടപ്പാതകള്‍ കൈയേറുകയോ ചെയ്യുന്നവര്‍ ഇനി പോലീസിന്‍റെ പിടിയിലാകും. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഇതു ബാധകമാണ്. റോഡില്‍ പരസ്യ ബോര്‍ഡുകളും ഫ്ളക്സുകളും സ്ഥാപിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും വരെ ക്രിമിനല്‍ കേസില്‍ പ്രതിയാകും. റോഡിലേക്ക് മലിനജലം ഒഴുക്കുന്നവരും പോലീസ് പിടിയിലാകും. റോഡുകള്‍ നശിപ്പിക്കുന്നതു തടയാനായി പ്രധാന ജില്ലാ റോഡുകള്‍ ഉള്‍പ്പെടെ എല്ലാ റോഡുകളിലും കേരള ഹൈവേ പ്ര?ട്ടക്ഷന്‍ നിയമം ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.പൊതുമരാമത്ത് വകുപ്പിന്‍റെ അംഗീകാരവും അനുമതിയും കൂടാതെ റോഡുകളും പാതകളും കൈയേറുകയും കേടുപാടുണ്ടാക്കുകയും ചെയ്യുന്നത് വാഹന ഗതാഗതത്തിനും കാല്‍നട യാത്രയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് റോഡ് സംരക്ഷണത്തിന് ഹൈവേ പ്ര?ട്ടക്ഷന്‍ നിയമം ബാധകമാക്കിയതെന്ന് ഉത്തരവില്‍ പറയുന്നു.മരാമത്ത് വകുപ്പിന്‍റെ അനുമതിയില്ലാതെ മറ്റു വകുപ്പുകളും ഏജന്‍സികളും റോഡുകള്‍ കുഴിക്കുന്നുണ്ട്. പൈപ്പുകളും കേബിളുകളും സ്ഥാപിക്കാന്‍ വേണ്ടിയാണു പ്രധാനമായും ഇതു ചെയ്യുന്നത്. ഇങ്ങനെ കുഴിച്ച റോഡുകള്‍ ശരിയായ രീതിയില്‍ പുനര്‍ നിര്‍മിക്കാറില്ല. ഇതു റോഡുകള്‍ പെട്ടെന്നു പൊട്ടിപ്പൊളിയാന്‍ കാരണമാകുന്നു. റോഡുകള്‍ കൈയേറുക, രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും അംഗീകാരമില്ലാതെ പരസ്യബോര്‍ഡുകളും ഫ്ളക്സുകളും സ്ഥാപിക്കുക, റോഡിലേക്ക് മലിനജലം ഒഴുക്കിവിടുക, റോഡിലെ വെള്ളം ഒഴുകിപ്പോകുന്നതിനു തടസം സൃഷ്ടിക്കുക, നിര്‍മാണ സാമഗ്രികള്‍ റോഡില്‍ സംഭരിക്കുക തുടങ്ങിയ പ്രവൃത്തികള്‍ നടപ്പാതകള്‍ക്കും റോഡിന്‍റെ പരിപാലനത്തിനും തടസം സൃഷ്ടിക്കുന്നതായാണ് സര്‍ക്കാര്‍ കണ്ടെത്തിയത്. കാല്‍നട യാത്രക്കാര്‍ക്ക് പോലും ഇതു തടസം സൃഷ്ടിക്കുന്നുണ്ട്.
റോഡുകള്‍ക്കും നടപ്പാതകള്‍ക്കും നാശനഷ്ടം വരുത്തിയാല്‍ മരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ റോഡ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇതിന്‍റെ പകര്‍പ്പ് ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും നല്‍കണം. ബന്ധപ്പെട്ട ജില്ലാതല അവലോകന യോഗത്തില്‍ ഈ പരാതികള്‍ പരിശോധിക്കും. പരാതിയില്‍ പോലീസ് ഏഴു ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കണം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കേരള ഹൈവേ പ്ര?ട്ടക്ഷന്‍ നിയമത്തിലെ 12 മുതല്‍ 35 വരെയുള്ള വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടി സ്വീകരിക്കും.
നഷ്ടപരിഹാരം ഈടാക്കുന്നതിന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും പോലീസ് ഉദ്യോഗസ്ഥരും നടപടി സ്വീകരിക്കണം. ഇത്തരത്തിലെടുക്കുന്ന കേസുകളില്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ കലക്ടര്‍മാരും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും ഓരോ മാസവും അവലോകനം ചെയ്യണം. വിശദമായ റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്കു നല്‍കണം. നടപടികളെടുക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെയും നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദിയാക്കും.
സംസ്ഥാനത്തെ ദേശീയ പാത, സംസ്ഥാന പാത, പ്രധാന ജില്ലാ റോഡുകള്‍ എന്നിവ സംസ്ഥാന ഹൈവേ പ്ര?ട്ടക്ഷന്‍ ആക്‌ട് സെക്ഷന്‍ 3 പ്രകാരമുള്ള പാതയായി പ്രഖ്യാപിക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു.
ദേശീയപാതയുടെ പരിധിയില്‍ വരുന്ന റോഡുകളുടെ അതോറിറ്റിയായി ദേശീയപാത എക്സിക്യുട്ടീവ് എന്‍ജിനീയറെയും സ്റ്റേറ്റ് ഹൈവേയുടെയും പ്രധാനപ്പെട്ട ജില്ലാ റോഡുകളുടെയും അതോറിറ്റിയായി എക്സിക്യൂട്ടീവ് എന്‍ജിനീയറെയും (റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ്) നിയമിച്ചു.

NO COMMENTS

LEAVE A REPLY