ഏഷ്യന്‍കപ്പ‌് ഫൈനലില്‍ ജപ്പാനെ അട്ടിമറിച്ച‌് ഖത്തര്‍ ആദ്യമായി കിരീടം.

167

അബുദാബി: ഏഷ്യന്‍കപ്പ‌് ഫൈനലില്‍ ജപ്പാനെ അട്ടിമറിച്ച‌് ഖത്തര്‍ ആദ്യമായി കിരീടം ചൂടിയപ്പോള്‍ അമ്ബരന്നുപോയി സോക്കര്‍ലോകം. സംഘംചേര്‍ന്ന‌് ആക്രമിച്ചും പ്രതിരോധിച്ചും മുന്നേറിയ ഖത്തറിന‌് ഒന്നിനെതിരെ മൂന്നുഗോള്‍ ജയം.2022 ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിന‌് ഇനി ആവേശത്തോടെ ഒരുങ്ങാം.
ആദ്യപകുതിയില്‍ ഖത്തര്‍ അല്‍മോയിസ‌് അലി, അബ‌്ദുല്‍ അസീസ‌് ഹതം എന്നിവരുടെ ഗോളില്‍ മുന്നിലെത്തി.

രണ്ടാംപകുതിയില്‍ തകുമി മിനാമിനോയിലൂടെ ജപ്പാന്‍ ആശ്വാസഗോള്‍ നേടി. ഒടുവില്‍ പെനല്‍റ്റി കിക്കിലൂടെ അക്രം ഹാഫിഫ‌് ഖത്തറിന്റെ വിജയം ഉറപ്പിച്ചു. ഇരുപത്തിരണ്ടുകാരന്‍ സ‌്ട്രൈക്കര്‍ അലി അഭ്യാസിയുടെ മെയ‌്‌വഴക്കത്തോടെ ആദ്യഗോള്‍ നേടി. അക്രം ഹാഫിഫ‌് ബോക‌്സിലേക്ക‌് നല്‍കിയ പന്ത‌് അലി ഇടതുകാലില്‍ സ്വീകരിച്ചു. പ്രതിരോധക്കാരെ കബളിപ്പിച്ച‌് അല്‍പ്പം പിന്നോട്ടാഞ്ഞ‌് കരണംമറിഞ്ഞ‌് വലതുകാല്‍ ഷോട്ട‌്. പോസ‌്റ്റിന്റെ വലത്തേമൂലയില്‍ തട്ടി പന്ത‌് വലയില്‍. ജാപ്പനീസ‌് ഗോളിയും കളിക്കാരും അമ്ബരന്നുപോയി.

ഏഴ‌ു കളിയില്‍ അലിയുടെ ഒമ്ബതാം ഗോള്‍ റെക്കോര്‍ഡായി. 1996 ഏഷ്യന്‍കപ്പില്‍ എട്ട‌ുഗോള്‍ നേടിയ ഇറാന്റെ അലി ദായിയുടെ എട്ട‌ു ഗോള്‍ മാഞ്ഞു. ഇടവേളയ‌്ക്കു പിരിയുംമുമ്ബ‌് അബ‌്ദുല്‍ അസീസ‌് ഹതമിലൂടെ ഖത്തര്‍ പട്ടിക ഉയര്‍ത്തി. രണ്ടാംപകുതിയില്‍ ആഞ്ഞുപിടിച്ച ജപ്പാന്‍ മിനാമിനോയിലൂടെ ലീഡ‌് കുറച്ചു. എന്നാല്‍, അക്രം ആഫിഫിന്റെ പെനല്‍റ്റി ജപ്പാനെ തകര്‍ത്തു. ബോക‌്സില്‍ പന്ത‌് കൈകൊണ്ട‌് തട്ടിയതിന‌് ജപ്പാന്‍ ക്യാപ‌്റ്റന്‍ യോഷിദയ‌്ക്ക‌് മഞ്ഞക്കാര്‍ഡും പെനല്‍റ്റി പിഴയും.

NO COMMENTS