ഖത്തറില്‍ പൊതുമാപ്പ് ഇന്നു നിലവിൽ വരും

224

ഖത്തറിൽ അനധികൃത താമസക്കാർക്ക് രാജ്യംവിടാനുള്ള മൂന്നുമാസത്തെ പൊതുമാപ്പ് ഇന്ന് നിലവിൽ വരും.പൊതുമാപ്പിൻറെ ആനുകൂല്യം കൂടുതൽ പേരിൽ എത്തിക്കാൻ ആഭ്യന്തര മന്ത്രാലയം ബോധവത്കരണം ശക്തമാക്കി. സെപ്തംബർ ഒന്നു മുതൽ ഡിസംബർ ഒന്നുവരെ മൂന്നു മാസമാണ് പൊതു മാപ്പിന്റെ കാലാവധി.
താമസ രേഖകൾ ഇല്ലാത്തവരും കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തതുമായ മുഴുവൻ വിദേശികൾക്കും തടവോ പിഴയോ ഇല്ലാതെ രാജ്യം വിടാൻ അനുവദിക്കുന്നതാണ് മൂന്നു മാസത്തെ പൊതുമാപ്പ് കാലയളവ്. താമസ രേഖ പുതുക്കാതെ രാജ്യത്തു തങ്ങുന്നവർ,സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞവർ, സ്പോൺസറിൽ നിന്ന് ഒളിച്ചോടി മറ്റ് ജോലികൾ ചെയ്യുന്നവർ, നിയമ വിധേയമല്ലാതെ രാജ്യത്ത് പ്രവേശിച്ചവർ എന്നിവർക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുക. അതേസമയം എന്തെങ്കിലും കേസുകളിൽ അകപ്പെട്ടവർക്ക് നടപടികൾ പൂർത്തിയാകുന്നത് വരെ രാജ്യം വിടാൻ അനുമതി നൽകില്ല. കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ലെങ്കിൽ വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ എട്ടു വരെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെർച് ആൻഡ് ഫോളോ അപ് വിഭാഗത്തെ സമീപിച്ച് യാത്രയ്ക്കുള്ള രേഖകൾ ശരിയാക്കാവുന്നതാണ്.
സാധുതയുള്ള പാസ്പോർട്ട്,പാസ്പോർട്ട് ഇല്ലെങ്കിൽ ഇന്ത്യൻ എംബസിയിൽ നിന്നുള്ള യാത്രാ രേഖ, വിസയുടെയോ തിരിച്ചറിയൽ കാർഡിന്റെയോ പകർപ്പ്, ഓപൺ ടിക്കറ്റ് എന്നിവയും സെർച് ആൻഡ് ഫോളോ അപ് വിഭാഗത്തിൽ ഹാജരാക്കണം. രാജ്യം വിടാനുള്ള അപേക്ഷ നൽകി മൂന്ന് പ്രവർത്തി ദിവസങ്ങൾക്ക് ശേഷമുള്ള തിയ്യതിയിലേക്കാണ് ഓപ്പൺ ടിക്കറ്റ് എടുക്കേണ്ടത്. ഇക്കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലുള്ള അറിയിപ്പുകൾ ആഭ്യന്തര മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളിൽ നൽകിയിട്ടുണ്ട്. ഇതിനു പുറമെ പൊതുമാപ്പിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തി പരമാവധി ഇന്ത്യക്കാരെ നാട്ടിലേക്കയക്കാൻ വിവിധ പ്രവാസി സംഘടനകളും ശ്രമം തുടങ്ങി.

NO COMMENTS

LEAVE A REPLY