വിവാദ വ്യവസായി ഖുറേഷി അധികൃതരെ കബളിപ്പിച്ച്‌ രാജ്യം വിട്ടു

195

ന്യൂഡല്‍ഹി • അനധികൃത പണമിടപാടുമായി ബന്ധപ്പെട്ടു വിമാനത്താവളത്തില്‍ തടഞ്ഞുവച്ച വിവാദ വ്യവസായി മോയിന്‍ ഖുറേഷി അധികൃതരെ കബളിപ്പിച്ച്‌ ദുബായിലേക്ക് കടന്നു. സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. ഡല്‍ഹി ആസ്ഥാനമായി ഇറച്ചി കയറ്റുമതി നടത്തുന്ന വ്യവസായിയാണ് ഖുറേഷി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടിസ് നിലവിലുള്ളതിനാലാണു വിമാനത്താവള അധികൃതര്‍ ഖുറേഷിയെ തടഞ്ഞുവച്ചത്. തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റിനെ വിവരം അറിയിച്ചു.എന്നാല്‍ വിദേശത്തു പോകാന്‍ കോടതി അനുവദിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് ഖുറേഷി ഒരു ഉത്തരവ് ഉദ്യോഗസ്ഥരെ കാണിച്ചു. അതു പരിശോധിച്ചശേഷം വിമാനത്താവള ഉദ്യോഗസ്ഥര്‍ യാത്രാനുമതി നല്‍കുകയായിരുന്നു.
ഖുറേഷിയെ കസ്റ്റഡിയില്‍ എടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴേക്കും അയാള്‍ രാജ്യം വിട്ടിരുന്നു.
ആദായനികുതി കേസിലെ കോടതി ഉത്തരവാണ് ഖുറേഷി കാണിച്ചത്. ഇത് എന്‍ഫോഴ്സ്മെന്റിന്റേതാണെന്ന് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഹവാല ഇടപാടു വഴി ഖുറേഷി വന്‍തോതില്‍ പണം ദുബായിലേക്കും ലണ്ടനിലേക്കും കടത്തുന്നതായാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയത്. ഇതെത്തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം ഇയാള്‍ക്കെതിരെ കേസെടുത്തത്.

NO COMMENTS

LEAVE A REPLY