ഇന്ത്യയെ ആദരിക്കാന്‍ വിസമ്മതിക്കുന്ന പാക്ക് കലാകാരന്മാര്‍ വേണ്ട : ആര്‍എസ്‌എസ്

188

ഹൈദരാബാദ് • പാക്ക് കലാകാരന്മാര്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ആര്‍എസ്‌എസ് നിര്‍വാഹക സമിതി ന്യായീകരിച്ചു. ഇന്ത്യയെ ആദരിക്കാന്‍ വിസമ്മതിക്കുന്ന പാക്ക് കലാകാരന്മാര്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് ആര്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി നിലപാടു വ്യക്തമാക്കി. മുത്തലാഖ് മുസ്ലിം സമുദായത്തിന്റെ ആഭ്യന്തരപ്രശ്നമാണ്. വനിതകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്നതു സമൂഹത്തിനു മുന്നിലുള്ള വെല്ലുവിളിയാണ്. ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം ശരിയായ നടപടിയല്ലെന്നും ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു. പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് ആര്‍എസ്‌എസ് നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചു.

ദേശീയ സുരക്ഷയ്ക്കായി മോദിസര്‍ക്കാരെടുത്ത ശക്തമായ തീരുമാനം സൈന്യം സധൈര്യം നടപ്പാക്കിയെന്നു ഭയ്യാജി ജോഷി പറഞ്ഞു. രാജ്യസുരക്ഷ ഉറപ്പാക്കിയ സൈനിക നടപടിക്കു കേന്ദ്രസര്‍ക്കാരിനെയും സൈന്യത്തെയും ആര്‍എസ്‌എസ് അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. അയോധ്യ രാമക്ഷേത്രനിര്‍മാണത്തിനായി സുപ്രീം കോടതി വിധി കാത്തിരിക്കുകയാണെന്നു ഭയ്യാജി ജോഷി പറഞ്ഞു.അലഹാബാദ് ഹൈക്കോടതി വിധിയോടെ രാമക്ഷേത്രം അവിടെത്തന്നെ നിര്‍മിക്കുമെന്നു വ്യക്തമായിക്കഴിഞ്ഞു. മൂന്നു പതിറ്റാണ്ടായി അയോധ്യ രാമക്ഷേത്രനിര്‍മാണ വിഷയം ആര്‍എസ്‌എസിന്റെ അജന്‍ഡയാണെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു മാത്രമല്ല, എല്ലാ ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്കും ബദല്‍ ഉല്‍പന്നങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണമെന്നു ഭയ്യാജി ജോഷി നിര്‍ദേശിച്ചു. പകരം കണ്ടെത്താന്‍ കഴിയാത്ത ഉല്‍പന്നങ്ങള്‍ മാത്രമേ ഇറക്കുമതി ചെയ്യേണ്ടതുള്ളു. ഭാരതീയ ഉല്‍പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗോരക്ഷ മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല, ഗ്രാമീണ സമ്ബദ്വ്യവസ്ഥയുടെ നട്ടെല്ലെന്ന തരത്തിലാണു കാണേണ്ടതെന്നു ഭയ്യാജി ജോഷി പറഞ്ഞു.

NO COMMENTS

LEAVE A REPLY