നിലമ്ബൂര്‍: നിലമ്ബൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധയുടെ മൃതദേഹം 2014 ഫെബ്രുവരി അഞ്ചിന്, പൂക്കോട്ടുംപാടത്തെ കോണ്‍ഗ്രസ് നേതാവ‌് കുമാരന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള കുളത്തില്‍ കണ്ടെത്തുകയായിരുന്നു. കൊലചെയ്യപ്പെട്ട സംഭവം പുനരന്വേഷിക്കണമെന്ന് സഹോദരന്‍ ചിറക്കല്‍ ഭാസ്കരന്‍ ആവശ്യപ്പെട്ടു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും യുഡിഎഫ് സര്‍ക്കാര്‍ അന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ഭാസ്കരന്‍ ആരോപിക്കുന്നു. പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഭാസ്കരന്‍ പറഞ്ഞു.കാണാതായി അഞ്ചുദിവസത്തിനുശേഷമാണ‌് മൃതദേഹം കിട്ടിയത‌്. മധ്യവയസ്‌കയായ രാധ ഗുരുവായൂരില്‍ പോയതാണെന്ന് കള്ളക്കഥയുണ്ടാക്കി പ്രചരിപ്പിച്ചതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഭാസ്കരന്‍ ആരോപിക്കുന്നു.
കൊലക്കുറ്റം സ്വയം ഏറ്റെടുത്ത ബി കെ ബിജു രാധയെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസ് ഓഫീസില്‍വച്ചാണെന്ന് ഏറ്റുപറഞ്ഞതായി പൊലീസ് പറയുന്നു. എന്നാല്‍, പൊലീസ് സംഭവസ്ഥലം പൂട്ടി സീല്‍ചെയ്തില്ല. ഈ ഓഫീസില്‍ പിന്നീട് ആര്യാടന്‍ ഷൗക്കത്ത് പങ്കെടുത്തുകൊണ്ട് പാര്‍ടി യോഗങ്ങള്‍ നടന്നു. ബോധപൂര്‍വം തെളിവുകള്‍ നശിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൊലീസ് അവസരം നല്‍കുകയായിരുന്നു.കേസന്വേഷണത്തിന്റെ ചുമതലയുള്ള സിഐ എ പി ചന്ദ്രന്‍ രാധയുടെ വീട്ടില്‍ ചെന്ന് മൊഴിയെടുക്കുമ്ബോള്‍ അദ്ദേഹത്തിനൊപ്പം മേലേക്കളം നാരായണന്‍, ജൂപ്പിറ്റര്‍ സുരേഷ് എന്നീ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരും ഉണ്ടായിരുന്നു. മുമ്ബ് രണ്ടുതവണ രാധയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതായും ഭാസ്‌കരന്‍ പറയുന്നു. ബലാത്സംഗം നടന്നതായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞിരുന്നു.വിശ്വാസയോഗ്യമായ നിലയില്‍ പുനരന്വേഷണം വേണമെന്നാണ‌് ഭാസ‌്കരന്‍ ആവശ്യപ്പെടുന്നത‌്.