ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേഠി സന്ദര്‍ശനം മാറ്റിവച്ചു. പാര്‍ലമെന്റില്‍ റഫാല്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന അമേഠി സന്ദര്‍ശനം രാഹുല്‍ മാറ്റിവച്ചത്.പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം രാഹുല്‍ അമേഠി സന്ദര്‍ശിക്കും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആണ് രാഹുലിന്റെ അമേഠി സന്ദര്‍ശനം. അമേഠിയില്‍ രാഹുല്‍ പൊതുസമ്മേളനളിലും പങ്കെടുക്കും.
റഫാല്‍ അഴിമതിയെക്കുറിച്ചുള്ള പാര്‍ലമെന്റിലെ ചോദ്യങ്ങളില്‍ നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഒളിച്ചോടുകയാണെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റഫാല്‍ പരീക്ഷ എഴുതാതെ പാര്‍ലമെന്റില്‍ നിന്ന് ഒളിച്ചോടി പഞ്ചാബിലെ സര്‍വകലാശാലയിലെത്തിയ പ്രധാനമന്ത്രിയോടു റഫാലിനെക്കുറിച്ചുള്ള തന്റെ നാലു ചോദ്യങ്ങള്‍ക്ക് ആദരപൂര്‍വം ഉത്തരം തേടാന്‍ വിദ്യാര്‍ഥികള്‍ മറക്കരുതെന്ന് രാഹുല്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടിരുന്നു. ഫ്രാന്‍സിലെ ദസോ കന്പനിയുമായി ഒപ്പുവച്ച റഫാല്‍ പോര്‍വിമാന ഇടപാടിന്റെ പേരില്‍ ബുധനാഴ്ച ലോക്സഭയില്‍ വീണ്ടും തുടങ്ങിയ പോരിന് വീര്യം പകര്‍ന്നാണ് രാഹുലിന്റെ ട്വിറ്ററിലെ രൂക്ഷ പരിഹാസം.