സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വസ്ത്രം അഴിപ്പിച്ചശേഷം അന്‍പത് പുഷ്‌അപ് എടുക്കാന്‍ നിര്‍ബന്ധിച്ചു. പുഷ്‌അപ് എടുക്കുന്നതിനിടെ പല തവണ കുഴഞ്ഞു വീണെങ്കിലും റാഗിങ് തുടര്‍ന്നു. പുഷ്‌അപ് പൂര്‍ത്തിയാക്കിയ ശേഷം നൂറു തവണ സിറ്റ്‌അപ് എടുപ്പിച്ചു. പിന്നീട് ശുചിമുറിയില്‍ എത്തിച്ചശേഷം തലയിലൂടെ അരമണിക്കൂറിലേറെ തണുത്ത വെള്ളം ഒഴിച്ചു പറയുന്നത് നാട്ടകം പോളിടെക്നിക് കോളജില്‍ സീനിയേഴ്സിന്‍റെ ക്രൂര റാഗിംഗിന് ഇരയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരിങ്ങാലക്കുട സ്വദേശിയായ വിദ്യാര്‍ത്ഥി അവിനാഷ്. സീനിയേഴ്സ് നിര്‍ബന്ധിച്ചു കുടുപ്പിച്ച മദ്യത്തിലെ വിഷാംശമൂലം വൃക്ക തകരാറിലായി ഗുരുതരാവസ്ഥയിലാണ് ഈ പതിനേഴുകാരന്‍.
ഒന്നാം വര്‍ഷ മെക്കാനിക്കല്‍ ഡിപ്ലോമാ കോഴ്സിനായി ഓഗസ്റ്റിലാണ് അവിനാഷ് ചേര്‍ന്നത്. കഴിഞ്ഞ രണ്ടിനാണ് അവിനാശടക്കമുള്ള ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ റാംഗിനിരയായത്. അര്‍ധരാത്രിയോടെ ഹോസ്റ്റല്‍ മുറിയില്‍ എത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മറ്റൊരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി. ഈ മുറിയില്‍ ഒന്നിലധികം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ പൂര്‍ണ നഗ്നരാക്കി നിര്‍ത്തിയിരുന്നു. തങ്ങളെ ആറു മണിക്കൂര്‍ നിര്‍ബന്ധിച്ചു വ്യായാമം ചെയ്യുപ്പിക്കുകയായിരുന്നുവെന്ന് അവിനാശ് പറഞ്ഞു. തളര്‍ന്നു വീണാലും എഴുന്നേല്‍പ്പിച്ച് വ്യായാമം ചെയ്യിക്കും. ദാഹിച്ചു വലയുമ്പോള്‍ കുപ്പിയുടെ അടപ്പിനുള്ളില്‍ ഇത്തിരി വെള്ളം നല്കും. ഇതിനിടെ നിര്‍ബന്ധിച്ച് മദ്യവും കുടിപ്പിച്ചു.
ശരീരത്തിന്‍റെ പല ഭാഗത്തും വേദന അനുഭവപ്പെട്ടതോടെ പിറ്റേന്ന് രാവിലെ തന്നെ അവിനാശ് വീട്ടിലേക്കു മടങ്ങി. സ്വയം വ്യായാമം ചെയ്തതുമൂലമാണ് ശരീരവേദനയെന്നാണ് വീട്ടുകാരോടു പറഞ്ഞത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ആന്തരികാവയവങ്ങള്‍ക്കു ഗുരുതരമായി പരുക്കേറ്റിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്നു തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. മദ്യത്തില്‍ കലര്‍ന്ന വിഷമാണ് അവിനാശിന്‍റെ വൃക്ക തകരാറിലാക്കിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് കേസ് ചിങ്ങവനം പൊലീസിനു കൈമാറി. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഭിലാഷ്, മനു, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നിധിന്‍, പ്രവീണ്‍, ശരണ്‍, ജെറിന്‍, ജയപ്രകാശ് എന്നിവര്‍ക്കെതിരെ റാഗിങ് നിരോധന നിയമപ്രകാരം ചിങ്ങവനം പൊലീസ് കേസെടുത്തു. ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതായി പോളിടെക്നിക് കോളജ് അധികൃതര്‍ അറിയിച്ചു.