ദുബായ്: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട മുന്‍ നിലപാടില്‍നിന്നും മലക്കം മറിഞ്ഞ് രാഹുല്‍ ഗാന്ധി. ആചാരം സംരക്ഷിക്കണം എന്ന വാദത്തിലും കഴമ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുബായില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമലയുമായി ബന്ധപ്പെട്ട് കേരള നേതാക്കളുമായി സംസാരിച്ചതിനു ശേഷമാണ് കൂടുതല്‍ കാര്യങ്ങള്‍ മനസിലായത്.
തുടക്കത്തിലുള്ള അഭിപ്രായമല്ല തനിക്ക് ഇപ്പോഴുള്ളത്. എന്നാല്‍ സ്ത്രീകള്‍ക്ക് തുല്യാവകാശം വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രണ്ടു പക്ഷത്തും ന്യായമുണ്ടെന്നാണ് കരുതുന്നത്. സുപ്രീം കോടതി വിധിയെക്കുറിച്ച് പ്രതികരിക്കാനില്ല. കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും രാഹുല്‍ പറഞ്ഞു.
ബിജെപിയെ അധികാരത്തില്‍നിന്നും മാറ്റിനിര്‍ത്താന്‍ കഴിയുകയാണെങ്കില്‍ ഉത്തര്‍പ്രദേശിലെ മായവതി-അഖിലേഷ് സഖ്യത്തില്‍ താന്‍ നിരാശനല്ലെന്ന് രാഹുല്‍ പറഞ്ഞു. അവര്‍ക്ക് അവരുടെതായ തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. അതിനെ മാനിക്കുന്നു- അദ്ദേഹം പറഞ്ഞു.