രാജി തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചു.

168

ന്യൂഡൽഹി:ചൊവ്വാഴ്ച വൈകിട്ട് നാലരയ്ക്ക് ഡൽഹിയിലാണ് യോഗം ചേരുക. രാഹുൽ ബ്രിഗേഡിൽ പെട്ട നേതാക്കൾ ചൊവ്വാഴ്ച രാവിലെ അദ്ദേഹത്തെ കാണാനെത്തി. യുവനിര നേതാക്കളായ സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, രൺദീപ് സിങ് സുർജെവാല എന്നിവരാണ് രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്.

രാഹുലിന്റെ വിശ്വസ്തനായ സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

പാർട്ടി അധ്യക്ഷസ്ഥാനത്ത് തുടരില്ല എന്ന നിലപാട് ഈ കൂടിക്കാഴ്ചയിലും നേതാക്കളോട് രാഹുൽ അറിയിച്ചതായാണ് റിപ്പോർട്ട്. പാർട്ടിയുടെ സമ്മർദത്തിന് രാഹുൽ ഒടുവിൽ വഴങ്ങും എന്ന് തന്നെയാണ് നേതാക്കൾ ഇപ്പോൾ പ്രതീക്ഷിക്കുന്നത്. എന്നാൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനവും ലോക്സഭയിലെ കക്ഷി നേതാവ് സ്ഥാനവും രണ്ടും രാഹുൽ ഒരുമിച്ച് വഹിക്കാൻ സാധ്യത കുറവാണ്.

ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ളയാൾ അധ്യക്ഷസ്ഥാനത്തേക്ക് വരട്ടെയെന്നാണ് രാഹുൽ നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ ലോക്സഭാ കക്ഷി നേതൃസ്ഥാനം രാഹുൽ ഏറ്റെടുത്തേക്കും. എന്നാൽ പല നേതാക്കളും പാർട്ടിയെ രാഹുൽ തന്നെ നയിക്കണം അദ്ദേഹത്തെ സഹായിക്കാനായി മേഖല തിരിച്ച് ഏതാനും വർക്കിങ് പ്രസിഡന്റുമാരെ നിയോഗിക്കാമെന്ന നിർദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെക്കുമെന്ന നിലപാട് സ്വീകരിച്ചത്. മുതിർന്ന നേതാക്കളിൽ പലരും തീരുമാനത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് രാഹുലിനെ കണ്ടിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരും കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടും രാഹുൽ നൽകിയിട്ടില്ല. ഇന്ന് വൈകിട്ട് നടക്കാനിരിക്കുന്ന മുതിർന്ന നേതാക്കളുടെ യോഗം ഏറെ നിർണായകമാണ്.

സമ്മർദത്തിന്റെ ഫലമായി രാഹുൽ തുടരാൻ തീരുമാനിച്ചാൽ തന്നെ അദ്ദേഹം ചില ഉപാധികൾ പാർട്ടിക്ക് മുന്നിൽ വച്ചേക്കും. പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണിക്കുള്ള അനുമതി മുതിർന്ന നേതാക്കളുടെ യോഗത്തിൽ രാഹുൽ വച്ചേക്കും. അതിലേക്ക് തീരുമാനം എത്തിയാൽ ഈ ആഴ്ച തന്നെ വീണ്ടും പ്രവർത്തക സമിതി ചേർന്ന് സംഘടാന തലത്തിൽ അഴിച്ചുപണിക്ക് രാഹുലിനെ ചുമതലപ്പെടുത്താൻ സാധ്യതയുണ്ട്.

NO COMMENTS