മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന് പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

256

മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസ് ആണെന്ന പ്രസ്താവന രാഹുല്‍ ഗാന്ധി തിരുത്തി. ആര്‍.എസ്.എസിലെ ചിലര്‍ എന്നാണ് രാഹുല്‍ പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതിനിടെ മാന നഷ്‌ടക്കേസിന്റെ പേരില്‍ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

മഹാത്മാഗാന്ധി വധത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് രാഹുല്‍ ഗാന്ധി 2014ല്‍ ഒരു പൊതുയോഗത്തില്‍ പറഞ്ഞതിനെതിരെ സംഘ്പരിവാര്‍ നേതാക്കള്‍ മാനനഷ്‌ടത്തിന് കേസ് നല്കിയിരുന്നു. കീഴ്‍കോടതി ഈ പരാതി സ്വീകരിച്ചതിനെതിരെയാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ എത്തിയത്. ഇന്ന് കേസില്‍ രാഹുലിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ രാഹുല്‍ ഗാന്ധിവധം നടത്തിയത് ആര്‍.എസ്.എസ് ആണെന്ന് പറഞ്ഞിട്ടില്ല എന്നു വ്യക്തമാക്കി. ആര്‍എസ്.എസിലെ ചിലരെന്നാണ് രാഹുല്‍ പറഞ്ഞത്. ഇക്കാര്യം രേഖപ്പെടുത്തണമെന്ന് ആര്‍.എസ്.എസിന്റെ അഭിഭാഷകന്‍ യു.ആര്‍ ലളിത് ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചു.
രാഹുലിന്റെ ഈ നിലപാട് തൃപ്തികരമാണോ എന്നറിയിക്കാന്‍ സമയം വേണമെന്ന് ആര്‍.എസ്.എസ് അഭിഭാഷകന്‍ വ്യക്തമാക്കിയതിനാല്‍ കേസ് സെപ്തംബര്‍ ഒന്നിലേക്ക് മാറ്റി. ആര്‍.എസ്.എസിന് ഗാന്ധിവധത്തില്‍ പങ്കുണ്ടെന്ന് സര്‍ക്കാരിന്റെ ചില രേഖകളും പുസ്തകങ്ങളും പറയുന്നുണ്ടെന്ന് പിന്നീട് കപില്‍ സിബല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ച് ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കാന്‍ മാനനഷ്‌ടക്കേസ് ഉപയോഗിക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഒരു വൈബ്സെറ്റ് റിപ്പോര്‍ട്ടിനെതിരെ ജയലളിത മാനനഷ്‌ടക്കേസ് കൊടുത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജി കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വിമര്‍ശനം കേള്‍ക്കാന്‍ തയ്യാറാവണമെന്നും കോടതി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY