ന്യൂഡല്‍ഹി • രാഷ്ട്രീയനേട്ടങ്ങള്‍ക്കായി സൈനികരെ ഉപയോഗപ്പെടുത്തരുതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തിന് വളരെ പ്രധാനപ്പെട്ടവരാണ് ഇന്ത്യന്‍ സൈനികര്‍. രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ സ്വന്തം വീട്ടുകാര്യങ്ങള്‍ നോക്കുക. രാഷ്ട്രീയനേട്ടങ്ങള്‍ക്കായി സൈനികരെ ഉപയോഗിക്കരുതെന്നും കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. രാഹുലിന് യഥാര്‍ഥ വസ്തുതകളെക്കുറിച്ച് അറിയില്ല. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പിലാക്കാനുള്ള തീരുമാനമെടുത്തത് നരേന്ദ്ര മോദി സര്‍ക്കാരാണ്. ഇതിലൂടെ വര്‍ഷതോറും 10,000 കോടിയുടെ അധിക ബാധ്യതയാണ് സര്‍ക്കാരിനുള്ളത്. ശാരീരിക വൈകല്യം സംഭവിച്ച സൈനികരുടെ പെന്‍ഷന്‍ രീതിയില്‍ മാറ്റം വരുത്താനുള്ള തീരുമാനങ്ങളൊന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സൈനികരുടെ ആത്മവീര്യം തകര്‍ക്കുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികളെന്ന് കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ശാരീരിക വൈകല്യം ബാധിച്ച സൈനികരുടെ പെന്‍ഷന്‍ രീതിയില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍ നടപടി അവരെ അവഹേളിക്കുന്നതിന് തുല്യമാണ്. അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സേനയുടെ വീര്യം വര്‍ധിപ്പിക്കേണ്ടത് സര്‍ക്കാരാണെന്നും രാഹുല്‍ കത്തില്‍ പറഞ്ഞിരുന്നു.