മുംബൈ • രാജ്യം കരയുമ്പോള്‍ പ്രധാനമന്ത്രി മോദി ചിരിക്കുകയാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങളുടെ പണംകൊണ്ട് വന്‍കിടക്കാരുടെ കടം എഴുതിത്തള്ളുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രഖ്യാപിത നിലപാടുകളില്‍നിന്ന് ഒരിഞ്ചു പോലും പിന്നോട്ടു പോയിട്ടില്ല. ആര്‍എസ്‌എസിനെതിരായ അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരായശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു രാഹുല്‍. കേസില്‍ രാഹുലിനു കോടതി ജാമ്യം അനുവദിച്ചിരുന്നു.
നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. വിജയ് മല്യ, ലളിത് മോദി എന്നിവരുള്‍പ്പെടെ വന്‍ നികുതി വെട്ടിപ്പുകാരെ പ്രധാനമന്ത്രി രക്ഷപ്പെടുത്തി. നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം നടപ്പാക്കിയതില്‍ ആസൂത്രണമില്ലായ്മയും അപാകതകളും മാത്രമാണുള്ളത്. ഒറ്റയാള്‍ തീരുമാനമാണ് രാജ്യത്ത് നടപ്പിലാക്കിയതെന്നും ധനമന്ത്രി പോലും തീരുമാനം അറിഞ്ഞിരുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.