നോട്ട് പിന്‍വലിച്ചതിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്ന്‍ മോദി പറയണം : രാഹുല്‍ ഗാന്ധി

237

ന്യൂഡല്‍ഹി: നോട്ടു നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോയും കേന്ദ്രസര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഒരേ വേദിയില്‍. ജനത്തിന്‍റെ നോട്ടുദുരിതത്തിന് എന്ന് അറുതി വരുമെന്ന് ഇരുവരും ചോദിച്ചു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം കൊണ്ട് മോദി സര്‍ക്കാര്‍ എന്താണ് ഉദ്ദേശിച്ചതെന്ന് രാഹുല്‍ ചോദിച്ചു. ഡിസംബര്‍ 30ന് ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. മോദി പറഞ്ഞ അമ്പത് ദിവസത്തിന് ഇനി ദിനങ്ങള്‍ മാത്രമേയുള്ളൂ. എന്നിട്ടും ജനത്തിന്‍റെ നോട്ടുദുരിതത്തിന് അറുതി വന്നിട്ടില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

നോട്ടുനിരോധനം അഴിമതിക്കെതിരെയല്ല. തീരുമാനം ജനങ്ങളെ പണമില്ലാത്തവരാക്കി മാറ്റി. ഈ ദുരന്തത്തിന് മോദി മറുപടി പറയണം. രാജ്യത്തെ തൊഴിലില്ലായ്്മക്കും മോദി മറുപടി പറയണം. 8 ലക്ഷം കോടി വായ്പയെടുത്ത ധനികരെ സഹായിക്കാനാണ് നോട്ടുനിരോധനം. ‘പാവങ്ങളുടെ പണമെടുത്ത് ധനികര്‍ക്ക് നല്‍കുക’ ആണ് മോദിയുടെ മുദ്രാവാക്യം. അഴിമതി ആരോപണത്തില്‍ പ്രധാനമന്ത്രി ഒന്നും മിണ്ടുന്നില്ല. തനിക്കെതിരെയുള്ള ഏത് ആരോപണവും അന്വേഷിക്കാമെന്ന് ഷീലാ ദീക്ഷിത് പറയുകയുണ്ടായി. എന്തുകൊണ്ടാണ് പ്രധാനമന്ത്രി അന്വേഷണത്തിന് ആവശ്യപ്പെടാത്തതെന്നും രാഹുല്‍ ചോദിച്ചു.

130 കോടി പേരുടെ ദുരിതത്തിന് ഒരാള്‍ കാരണമാകുന്നത് ലോകചരിത്രത്തില്‍ ഇതാദ്യമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. നോട്ടുനിരോധനത്തിന്റെ കാരണം മോദി അടിക്കടി മാറ്റുകയാണ്. ‘അഴിമതിക്കെതിരായ പോരാട്ടത്തില്‍ മോദിക്ക് മാത്രം എങ്ങനെയാണ് ഇളവ് ലഭിക്കുന്നത്? സഹാറ ഡയറിയില്‍ എന്തുകൊണ്ടാണ് അന്വേഷണമില്ലാത്തത്?’- രാഹുല്‍ ചോദിച്ചു.
ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥയെ തകര്‍ത്ത മെഗാ കുംഭക്കോണമാണ് നോട്ടുനിരോധനമെന്ന് മമത ആരോപിച്ചു. മോദിയുടെ തീരുമാനത്തില്‍ രാജ്യത്തെ കര്‍ഷകരും ബിസിനസ്സുകാരും ദുരിതത്തിലാണ്. അച്ഛേ ദിന്നിന്റെ പേര് പറഞ്ഞ് മോദി സര്‍ക്കാര്‍ ഇന്ത്യയെ കൊള്ളയടിച്ചെന്നും 2014 ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാചകത്തെ സൂചിപ്പിച്ച്‌ മമത പറഞ്ഞു. മോദി ബാങ്കിങ്ങ് സംവിധാനത്തെ തകര്‍ത്തു. മോദി പറഞ്ഞ അമ്ബത് ദിവസം ഏതാണ്ട് അവസാനിച്ചു. എന്നിട്ട് എന്താണ് സംഭവിച്ചത്. ഈ അമ്ബത് ദിവസംകൊണ്ട് രാജ്യം 20 വര്‍ഷം പിന്നോട്ട് പോയി. അമ്ബത് ദിവസത്തിന് ശേഷം നോട്ടുദുരിതത്തിന് അറുതി ആയില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മോദി രാജിവെക്കുമോയെന്നും മമത ചോദിച്ചു. മോദി ജി ഞങ്ങള്‍ നിങ്ങളുടെ രാജിക്കായി കാത്തിരിക്കുന്നു. രാജിവച്ചില്ലെങ്കില്‍ ജനം മോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കുമെന്നും മമത പറഞ്ഞു.

NO COMMENTS

LEAVE A REPLY