ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റിസര്‍വ് ബാങ്ക് പോലെയുള്ള സ്ഥാപനങ്ങളെ പ്രധാനമന്ത്രിയും ബി.ജെ.പിയും ആര്‍.എസ്.എസും കൂടി നശിപ്പിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. മോഡി പറഞ്ഞ അച്ഛാ ദിന്‍ 2019ല്‍ കോണ്‍ഗ്രസിനൊപ്പം തിരിച്ചുവരും. കോണ്‍ഗ്രസ് 70 വര്‍ഷംകൊണ്ട് ഈ രാജ്യത്തിന് എന്തു ചെയ്തുവെന്നാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും ചോദിക്കുന്നത്. എന്താണ് കോണ്‍ഗ്രസ് ചെയ്തതും ചെയ്യാത്തതുമെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്കറിയാം. രാജ്യത്തിനുവേണ്ടി ചോരയും നീരും നല്‍കിയവരെ ജനം തിരിച്ചറിയുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
മോഡിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. അദ്ദേഹം നന്നായി യോഗ ചെയ്യും. എന്നാല്‍ അദ്ദേഹത്തിന് ‘പത്മാസനം’ ചെയ്യാന്‍ കഴിയുന്നില്ല. അതുപോലെ അദ്ദേഹം ചൂലും എടുത്ത് ശുചീകരണത്തെ കുറിച്ച് പറയും. എന്നാല്‍ അദ്ദേഹം ചൂല് പിടിക്കുന്നത് കണ്ടാലറിയാം അതിലുള്ള ആത്മാര്‍ത്ഥത. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ബാബ രാംദേവും മോഹന്‍ ഭഗവതുപോലെയുള്ള സാമ്ബത്തിക വിദഗ്ധരുടെ പിന്നില്‍ നിന്നാണ് മോഡി സംസാരിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു. യോഗയും മേക്ക് ഇന്‍ ഇന്ത്യയും കൊണ്ട് രാജ്യത്തെ വളര്‍ത്തുമെന്ന് പറഞ്ഞ മോഡി നോട്ട് അസാധുവാക്കലിലൂടെ അപമാനിച്ചു. നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോഡി രണ്ടര വര്‍ഷംകൊണ്ട് രാജ്യത്തെ പിന്നോട്ടടിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി ഒരു കോമാളിയാണെന്നാണ് ബി.ജെ.പി വക്താവ് സിദ്ധാര്‍ത്ഥ് നാഥ് സിംഗ് ഇതിനോട് പ്രതികരിച്ചത്. ആദ്യം ‘അമ്മയുടെ മടിയില്‍ നിന്നിറങ്ങി നടക്കട്ടെ, അദ്ദേഹം വളര്‍ന്ന് ഡയപ്പര്‍ മാറ്റാറാകട്ടെ’യെന്നും സിംഗ് പരിഹസിച്ചു.