വിലക്ക് ലംഘിച്ച്‌ രാഹുല്‍ ഗാന്ധി ശഹറന്‍പൂര്‍ സന്ദര്‍ശിച്ചു

180

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യു പിയിലെ കലാപ ബാധിത പ്രദേശമായ ശഹറന്‍പൂര്‍ സന്ദര്‍ശിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും വിലക്ക് മറികടന്നാണ് രാഹുലിന്റെ സന്ദര്‍ശനം. ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാജ് ബബ്ബര്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് എന്നിവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
ബി എസ് പി നേതാവ് മായാവതിയുടെ സന്ദര്‍ശനത്തിന് തൊട്ടുപിറകെയാണ് രാഹുല്‍ ഗാന്ധിയും ശഹറന്‍പൂരില്‍ ദളിത് വീടുകള്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടിയത്. എന്നാല്‍ പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് ജില്ലാ ഭരണകൂടം രാഹുലിന് സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഘര്‍ഷത്തില്‍ ഒരു ദളിത് യുവാവ് കൊല്ലപ്പെടുകയും നിരവിധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബി എസ് പി നേതാവ് മായാവതിയുടെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് ഒരു ദളിത് യുവാവ് കൊല്ലപ്പെട്ടത്. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ബുധനാഴ്ച രാത്രിയിലും ഇവിടെ ആക്രമണം അരങ്ങേറിയിരുന്നു.
സംഘര്‍ഷത്തിന് പ്രധാന കാരണം സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സന്ദേശ പ്രവാഹമാണെന്ന് കാണിച്ച് ഇന്റര്‍നെറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റക്കാരെ മാത്രമേ ശിക്ഷിക്കുകയുള്ളുവെന്ന് ശഹറന്‍പൂര്‍ എസ് പി ബബ്‌ലു കുമാര്‍ പറഞ്ഞു. അക്രമകാരികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സവര്‍ണ വിഭാഗമായ ഠാക്കൂര്‍ ജാതിക്കാരും ദളിതുകളും തമ്മില്‍ കഴിഞ്ഞ ഒരു മാസമായി തുടരുന്ന കലാപമാണ് ഇപ്പോള്‍ ക്രൂരമായ അക്രമങ്ങള്‍ക്കും കൊലപാതകങ്ങളിലേക്കും എത്തിച്ചിരിക്കുന്നത്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗി സര്‍ക്കാറിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കലാപവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. സംഭവത്തില്‍ ക്രമസമാധാന പാലനത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മായാവതി ആരോപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY