ദില്ലി: ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. കര്‍ഷകരെ ലക്ഷ്യമിട്ടുള്ള രാഹുലിന്റെ കിസാന്‍ യാത്രയ്ക്ക് തുടക്കമായി.ഉത്തര്‍പ്രദേശിയ ദിയോറിയ ജില്ലയില്‍ നിന്ന് തുടങ്ങിയ കിസാന്‍ യാത്ര 233 മണ്ഡലങ്ങളിലൂടെ കടന്നുപോകും. 2500 കിലോ മീറ്റര്‍ സഞ്ചരിച്ച് ദില്ലിയില്‍ അവസാനിക്കും. സമാപനദിവസമായ അടുത്തമാസം രണ്ടിന് ദില്ലിയില്‍ കര്‍ഷക റാലി. കര്‍ഷകരെ നേരില്‍ കണ്ടാണ് രാഹുലിന്റെ പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്രമോജിയുടെ ചായ് പേ ചര്‍ച്ച മാതൃകയില്‍ ഖാട്ട് സഭകളാണ് സവിശേഷത. മൈതാനത്ത് കട്ടിലില്‍ ഇരിക്കുന്ന കര്‍ഷകരോട് സംസാരിച്ച് പ്രചരണം നടത്തുന്ന രീതിയാണ് ഖാട്ട് സഭ. തെരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ദ്ധന്‍ പ്രശാന്ത് കിഷോറാണ് പ്രചരണ തന്ത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.രുദ്രാപൂരിലെ ദുഗ്ദേശ്വര്‍നാഥ് ക്ഷേത്രത്തിലെത്തിയ രാഹുല്‍ പൂജയും പ്രാര്‍ത്ഥനയും നടത്തി. ഉത്തര്‍പ്രദേശിലെ ജാതി രാഷ്ട്രീയത്തില്‍ പ്രബല സമുദായങ്ങളുടെ പിന്തുണ നഷ്ടമായ കോണ്‍ഗ്രസ് ഷീല ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ബ്രാഹ്മണവിഭാഗത്തെ ഒപ്പം കൂട്ടാന്‍ ശ്രമം നടത്തിയിരുന്നു ഇതോടൊപ്പം കര്‍ഷകരുടെ പിന്തുണയും നേടി തിരിച്ച് വരാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.