ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യസഭയില്‍ ബിജെപി അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. സഭാനേതാവുകൂടിയായ ധനമന്ത്രി ജെയ്റ്റിലുടെ പേര് വളച്ചൊടിച്ചുവെന്നാരോപിച്ചാണ് ഭൂപേന്ദര്‍ യാദവ് നോട്ടീസ് നല്‍കിയത്. 187- ചട്ട പ്രകാരം രാഹുല്‍ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയതായി അദ്ദേഹം ശൂന്യവേളയില്‍ അറിയിച്ചു. ‘ജെയ്റ്റ്ലി’ എന്ന പേര് ഇംഗ്ലീഷില്‍ കള്ളം പറയുന്നവന്‍ എന്നര്‍ഥം വരുന്ന വിധം ‘ജെയ്റ്റ് ലൈ’ എന്നാക്കി ട്വിറ്ററ്റില്‍ കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തത്.
‘പ്രിയപ്പെട്ട മിസ്റ്റര്‍ ജെയ്റ്റ് ലൈ (Jait’lie’) നമ്മുടെ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതല്ല പറയുന്നതെന്നും പറയുന്നതല്ല ഉദ്ദേശിക്കുന്നതെന്നും ഇന്ത്യയെ ഓര്‍മ്മിപ്പിച്ചതിന് നന്ദി.’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയോ മുന്‍ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെയോ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാനോ ചെയ്യാന്‍ ശ്രമിക്കാനോ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി ഉദ്ദേശിച്ചിട്ടില്ല എന്നാണ് ജെയ്റ്റ്ലി രാജ്യ സഭയില്‍ പറഞ്ഞത്. ഇതിനെ പരിഹസിച്ചാണ് മണിക്കൂറുകള്‍ക്കുള്ളില്‍ രാഹുല്‍ ട്വീറ്റ് ചെയ്തത്.